സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. ആരോഗ്യ മന്ത്രാലയമാണ് കേന്ദ്രസംഘത്തെ അയച്ചത്. കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. സ്ഥിതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.
ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. രോഗത്തെ എങ്ങനെ പ്രതിരോധിക്കണമെന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും.
അതിനിടെ സംസ്ഥാനത്ത് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണകൂടവും സിക്ക പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചു. ജില്ലയിലെ ലാബുകളോട് സിക്ക സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
കേരളത്തില്‍ ഇതുവരെ 14 പേര്‍ക്ക് സിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും ആരോഗ്യപ്രവര്‍ത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.