റഷ്യന്‍ അധിനിവേശം മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് ഉക്രൈന്‍. യുഎസ് കോണ്‍ഗ്രസിനെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യവെയാണ് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സഹായാഭ്യര്‍ഥന നടത്തിയത്. റഷ്യയ്ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കണമെന്നും അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളെ റഷ്യയില്‍നിന്ന് പിന്‍വലിക്കണമെന്നും സെലന്‍സ്‌കി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
റഷ്യ ഉക്രൈൻറെ ആകാശത്തെ മരണത്തിൻറെ ഉറവിടമാക്കി തീര്‍ത്തെന്ന് സെലന്‍സ്‌കി പറഞ്ഞു. അമേരിക്ക റഷ്യന്‍ ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും അവിടുത്തെ സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനമാണ് സമ്പത്തിനെക്കാള്‍ പ്രധാനപ്പെട്ടതെന്നും സെലന്‍സ്‌കി ഓര്‍മ്മിപ്പിച്ചു.
യുദ്ധ മുഖത്തുനിന്ന് കോണ്‍ഗ്രസ് യോഗത്തിനെ അഭിവാദ്യം ചെയ്ത ഉക്രൈന്‍ പ്രെസിഡന്റിനെ എഴുന്നേറ്റുനിന്ന് കരോഘഷം മുഴക്കിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്.
‘ഞങ്ങളെ മാത്രമല്ല റഷ്യ ആക്രമിച്ചത്. ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ നഗരങ്ങളെയോ മാത്രമല്ല തകര്‍ത്തത്. ഞങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ക്കെതിരെ, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് നേരെ, ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നേരെ കൂടിയാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. അമേരിക്കന്‍ ജനത മുറുകെപ്പിടിക്കുന്ന അതേ സ്വപ്നങ്ങള്‍ക്ക് നേരെ’, സെലന്‍സ്‌കി പറഞ്ഞു.
അമേരിക്കയോട് കൂടുതല്‍ സഹായങ്ങള്‍ക്കും അഭ്യര്‍ത്ഥിച്ച സെലന്‍സ്‌കി, ഇപ്പോഴാണ് ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.
ഉക്രൈനിലെ ചേര്‍ണീവില്‍ ഭക്ഷണത്തിനായി ക്യൂവില്‍ നിന്ന പത്ത് സാധാരണക്കാരെ റഷ്യന്‍ സൈന്യം വെടിവച്ചു കൊന്നതായി കീവിലെ അമേരിക്കന്‍ എംബസി അറിയിച്ചു. ”ഇത്തരം ഭീകരമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. യുക്രൈനിലെ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദികള്‍ ആരാണെന്ന് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും,” എംബസി ട്വീറ്റ് ചെയ്തു.