വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Crime

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ദിവസങ്ങളായി പൊലീസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞ കോതമംഗലം പിണ്ടിമന കൊന്നാണി കാട്ടില്‍ വീട്ടില്‍ റിജു എബ്രഹാമി (35) നെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ാെരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2020 മാര്‍ച്ചില്‍ പരാതിക്കാരന്‍ കാനഡയില്‍ ജോലി ലഭിക്കുന്നതിനായി പ്രതിക്ക് ഒരു ലക്ഷം രൂപ ഗൂഗിള്‍ പേ വഴി കൈമാറി. മൂന്നു മാസത്തിനുള്ളില്‍ കാനഡയിലേക്ക് പോകാം എന്നാണ് പറഞ്ഞിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും നടക്കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ പ്രതി പണം നല്‍കാതെ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ റിജുവിന് ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാന്‍ നിയമപരമായ അംഗീകാരം ഇല്ല എന്ന് മനസ്സിലായി. ഇയാള്‍ക്കെതിരേ 2018-19 കാലത്ത് കോതമംഗലം, ചാലിശ്ശേരി, അഗളി, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഉള്ളതായും കണ്ടെത്തി. ഒളിവില്‍ കഴിഞ്ഞിരുന്ന റിജുവിനെ എറണാകുളം ടാറ്റാപുരം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.