വിരമിക്കല്‍ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം

Entertainment Headlines Sports

ലോക ഒന്നാം നമ്പര്‍ താരം ആഷ് ബാര്‍ട്ടി 25-ാം വയസ്സില്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു തൻറെ ഈ തീരുമാനമെന്ന് ആഷ്‌ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഈ കായികം എനിക്ക് നല്‍കിയ എല്ലാത്തിനും ഞാന്‍ വളരെ നന്ദിയുള്ളവളാണ്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു,’ ആഷ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ടെന്നീസിനെ സ്‌നേഹിക്കുന്നത് ഞാന്‍ ഒരിക്കലും അവസാനിപ്പിക്കില്ല, അത് എൻറെ ജീവിതത്തിൻറെ ഒരു വലിയ ഭാഗമാണ്, എന്നാല്‍ ആഷ് ബാര്‍ട്ടി എന്ന അത്ലറ്റല്ല, ആഷ് ബാര്‍ട്ടി എന്ന വ്യക്തിയായി എൻറെ ജീവിതത്തിൻറെ അടുത്ത ഭാഗം ആസ്വദിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു,’ താരം പറഞ്ഞു.

2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021-ല്‍ വിംബിള്‍ഡണ്‍, 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.