ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാല്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു

Covid

ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാല്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പതിനൊന്ന് ലക്ഷം കടന്നു. പതിനേഴ് കോടി നാല്‍പത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.14 ലക്ഷം പിന്നിട്ടു.കഴിഞ്ഞ ദിവസം അഞ്ഞൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 4.22 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം ഇംഗ്ലണ്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. നൈറ്റ് ക്ലബുകള്‍ തുറക്കും. യു കെയില്‍ 54 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1.28 ലക്ഷം പേര്‍ മരിച്ചു.43 ലക്ഷം പേര്‍ രോഗമുക്തി നേടി.