ഹരിത പങ്കാളിത്തം ഇന്ത്യയും ഡെന്‍മാര്‍ക്കും കൈ കോര്‍ക്കുന്നു

Europe Headlines India

കോപ്പന്‍ഹേഗന്‍ : ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ള ബന്ധത്തിന് പുതിയ ഉണര്‍വ് നല്‍കിക്കൊണ്ട് ഹൈഡ്രജന്‍ അടക്കമുള്ള ഹരിത ഇന്ധനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്ത എസ് ആന്‍ഡ് ടി കമ്മിറ്റി യോഗത്തില്‍ ധാരണയായി. ഹരിത ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇന്ത്യയുടേയും ഡെന്മാര്‍ക്കിൻറെയും ശാസ്ത്ര സാങ്കേതിക രംഗത്തെ ഭാവിയും വെര്‍ച്വല്‍ യോഗത്തില്‍ സംയുക്ത സമിതി ചര്‍ച്ച ചെയ്തു.

കാലാവസ്ഥയും ഹരിത പരിവര്‍ത്തനവും, ഊര്‍ജം, ജലം, മാലിന്യം, ഭക്ഷണം തുടങ്ങിയ സാങ്കേതിക വികസനത്തിലും നവീകരണത്തിലും ഉഭയകക്ഷി സഹകരണം ഉണ്ടാക്കേണ്ടതിൻറെ ആവശ്യകതക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഹരിത പങ്കാളിത്ത പ്രവര്‍ത്തന പദ്ധതി 2020 -2025 ഇരു പ്രധാനമന്ത്രിമാരും അംഗീകരിച്ചു. ഇതിൻറെ ഭാഗമായി ഹരിത ഹൈഡ്രജന്‍ അടക്കമുള്ള ഹരിത ഇന്ധനങ്ങളുടെ പങ്കാളിത്ത വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നോ നാലോ വെബിനാറുകള്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി.

70 വര്‍ഷങ്ങള്‍ക്ക് മുന്‍പേ നയതന്ത്ര ബന്ധവും 400 വര്‍ഷങ്ങള്‍ക്ക് മുന്‍പേ വ്യാപാരബന്ധവും സ്ഥാപിച്ച ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന, പരസ്പര താപര്യങ്ങളിലും മൂല്യങ്ങളുടെ പങ്കുവെക്കലിലും അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ കര്‍മ്മ പദ്ധതിയാണ് ഹരിത പങ്കാളിത്തം. സംയുക്ത കമ്മീഷൻറെയും അതിൻറെ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും സഹായത്തോടെ നടപ്പിലാക്കുന്ന ഇന്ത്യ -ഡെന്മാര്‍ക്ക് പങ്കാളിത്തത്തവും സഹകരണവും ഉള്‍ക്കൊള്ളുന്നതാണ് ഇത്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പാരീസ് ഉടമ്പടി പ്രകാരമുള്ള ആഗോള കാലാവസ്ഥാ പ്രതിസന്ധി മറികടക്കുന്നതിനും ഉള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയുടെ ഫലമാണ് ഈ സംയുക്ത പ്രവര്‍ത്തന പദ്ധതി.