ബെല്‍ഫാസ്റ്റ് : ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കുന്നതിന് യുകെ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ നാളെയും തിങ്കളാഴ്ചയുമായി നിലവില്‍ വരും.
ഈ മാസം അവസാനത്തോടെ യുകെയിലെ ഒമിക്രോണ്‍ കേസുകള്‍ ഒരു മില്യണ്‍ കവിയുമെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
പുതിയ വേരിയന്റ് ഡെല്‍റ്റയേക്കാള്‍ വളരെ വേഗത്തില്‍ വളരുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം മന്ദഗതിയിലാക്കാന്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
500 -ലധികം ആളുകളുള്ള ഇന്‍ഡോര്‍ വേദികള്‍, 4,000 -ലധികം ആളുകളുള്ള ഔട്ട്‌ഡോര്‍ വേദികള്‍, 10,000 -ത്തിലധികം ആളുകളുള്ള വലിയ ക്രമീകരണങ്ങള്‍ എന്നിവിടങ്ങളിലും കോവിഡ് പാസ് നിര്‍ബന്ധമാക്കും. .
രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാകും എന്‍എച്ച്എസ് കോവിഡ് പാസ് ലഭിക്കുക. ബൂസ്റ്റര്‍ ഡോസ് എടുക്കുന്ന മുറയ്ക്ക് അപ് ഡേറ്റുമുണ്ടാകും.
രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുന്നതിനുപകരം പ്രതിദിന പരിശോധന ഏര്‍പ്പെടുത്തുകയാവും ചെയ്യുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.