തിരുവനന്തപുരo: അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസുകാരിയെ സ്ഥലംമാറ്റി. പിങ്ക് പൊലീസ് ഓഫീസര്‍ രജിതയെയാണ് റൂറല്‍ എസ്പി ഓഫീസിലേക്ക് മാറ്റിയത്.
സംഭവത്തെ കുറിച്ച അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറി. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് പരാതിക്കാസ്പദമായ സംഭവം. ഐ.എസ്.ആര്‍.ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും.
ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്‍റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രന്‍ പറയുന്നു. ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തി.
സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണവിധേയമായാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.