ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തും

Breaking News India

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞപ്രായം 18ല്‍ നിന്ന് 21 വയസ്സ് ആക്കും. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതിനായുള്ള നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ നടപ്പുസമ്മേളത്തില്‍ തന്നെ വന്നേക്കുമെന്നാണ് സൂചന. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ പുരുഷൻറെ വിവാഹപ്രായം 21 ആണ്. വിവാഹപ്രായം സ്ത്രീക്കും പുരുഷനും തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, ഇതിനെതിരെ വിവിധ മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍, നിലവിലെ ബാലവിവാഹ നിരോധനനിയമ(2006)ത്തിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന.

1929ല്‍ പാസാക്കിയ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് 14 വയസ്സും ആണ്‍കുട്ടികള്‍ക്ക് 18 വയസ്സുമായിരുന്നു വിവാഹ പ്രായം. 1978ല്‍ ഈ നിയമം ഭേദഗതി ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സും പുരുഷന്‍മാരുടേത് 21 വയസ്സുമായി തീരുമാനിക്കുകയായിരുന്നു. 2006ല്‍ ബാലവിവാഹ നിരോധ നിയമം വന്നെങ്കിലും പ്രായപരിധിയില്‍ മാറ്റം വന്നിരുന്നില്ല. 2020-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്നത്.

ജയ ജയ്റ്റ്‌ലി അധ്യക്ഷയായ കര്‍മസമതി നല്‍കിയ ശുപാര്‍ശ പ്രകാരമാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചത്. സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് കര്‍മസമതി വിശദീകരിച്ചു.

സ്ത്രീശാക്തീകരണത്തെക്കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും കൃത്യമായ രീതിയില്‍ ബോധവത്കരണം നടത്തണമെന്നും, ലൈംഗികവിദ്യാഭ്യാസം സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സ്ത്രീകള്‍ ജോലി നേടിയ ശേഷം വിവാഹം കഴിക്കുക എന്ന ഉദ്ദേശം നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നുമാണ് സമിതിയുടെ നിര്‍ദേശം.