ലോക അത്‌ലറ്റിക്സ് ഫെഡറേഷൻറെ ഈ വര്‍ഷത്തെ ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ഇന്ത്യന്‍ കായിക രംഗത്തെ ഇതിഹാസ താരമെന്നു വിശേഷിപ്പിക്കാവുന്ന അഞ്ജു ബോബി ജോര്‍ജിന്. കായിക രംഗത്തിന് നല്‍കുന്ന സംഭാവനകളും ലിംഗ സമത്വത്തിനായുള്ള പോരാട്ടങ്ങളും പരിഗണിച്ചാണ് മുന്‍ ലോങ് ജമ്പ് താരവും പരിശീലകയുമായ അഞ്ജുവിനുള്ള ബഹുമതി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് ആണ് അഞ്ജു. 2003 ലോക ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു വെങ്കല മെഡല്‍ നേടിയത്. വിരമിച്ച ശേഷം 2016 മുതല്‍ ബെംഗളൂരുവില്‍ അത്‌ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ്. ഇന്ത്യന്‍ അത്‌ലറ്റിക്സ് ഫെഡറേഷൻറെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയായ അഞ്ജുവിനെ രാജ്യം പത്മശ്രീ നല്‍കിയും ആദരിച്ചിട്ടുണ്ട്.
‘വുമണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും തൻറെ പ്രയത്നം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഞ്ജു ട്വിറ്ററില്‍ കുറിച്ചു.