ജനീവ: കോവിഡിനെ നിയന്ത്രിക്കുന്നതിന് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ ആവര്‍ത്തിക്കുന്നത് പരിഹാരമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗവ്യാപനത്തില്‍ നിന്ന് മികച്ച പരിരക്ഷ നല്‍കുന്ന പുതിയ വാക്സിനുകളുണ്ടാകണമെന്നാണ് കോവിഡ് വാക്സിനുകളുടെ പ്രകടനം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന രൂപീകരിച്ച വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്.
ഓരോ തരംഗങ്ങള്‍ ഉയര്‍ന്നുവരുന്നതിനനുസരിച്ച് വാക്സിനുകളുടെ പുതിയ ഡോസുകള്‍ നല്‍കുന്നതിനെ ഉചിതമായ പ്രതിരോധമാര്‍ഗമായി കാണാനാകില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകളെ അടിസ്ഥാനമാക്കിയുള്ള വാക്സിനേഷന്‍ തന്ത്രം ഒരിക്കലും ശരിയാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം (ടാഗ് -കോ-വാക്) പ്രസ്താവനയില്‍ പറഞ്ഞു.
ഒമിക്രോണ്‍ പോലെയുള്ള പുതിയ കോവിഡ് വേരിയന്റുകളെ നേരിടുന്നതിന് നിലവിലുള്ള വാക്‌സിനുകളെ ഫലപ്രദമായി അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്.
ഗുരുതരമായ രോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും വൈറസ് വ്യാപനം തടയുകയും ചെയ്യുന്ന പുതിയ വാക്സിനുകളാണ് വികസിപ്പിക്കേണ്ടത്. ഇതിനാകണം വാക്സിന്‍ ഡെവലപ്പര്‍മാര്‍ പരിശ്രമിക്കേണ്ടതെന്നും ഗ്രൂപ്പ് നിര്‍ദ്ദേശിച്ചു.
ഈ വാക്സിനുകള്‍ വൈറസിൻറെ വിവിധ വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതര രോഗത്തിനും മരണത്തിനും എതിരെ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നല്‍കുന്നതാണെന്ന് ടാഗ്കോവാക് ഊന്നിപ്പറഞ്ഞു.
ഇടയ്ക്കിടെ കോവിഡ്-19 ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അത് പ്രായോഗികമല്ലെന്നും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) നേരത്തെ പറഞ്ഞിരുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ ആവര്‍ത്തിക്കുന്നത് ക്രമേണ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ആളുകളെ ക്ഷീണിപ്പിക്കുകയും ചെയ്യുമെന്നാണ് ഇഎംഎ പറയുന്നത്.