ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ വയനാട്

Health Kerala

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഉൾപ്പെട്ട കേരളത്തിലെ ഏക ജില്ലയായ വയനാട്ടിൽ കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ നാല് സ്മാർട്ട് അങ്കൺവാടികളുടെയും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറപ്പി യൂണിറ്റിന്റെയും ഉദ്ഘാടന പ്രഖ്യാപനം ജൂലൈ എട്ടിനു നടക്കും.

കോവിഡ് സാഹചര്യം പരിഗണിച്ച് ലളിതമായ ഉദ്ഘാടന പ്രഖ്യാപന ചടങ്ങ് വൈകുന്നേരം 5.30 ന് വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് കൊച്ചിൻ ഷിപ്പ്യാർഡ് മാനേജിംഗ് ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ നടക്കും.

തുടർന്ന് 19-ാം തീയ്യതി അതാത് ഗ്രാമ പഞ്ചായത്തുകളുടേയും ഐ.സി.ഡി.എസ് ന്റേയും ആഭിമുഖ്യത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ അംഗൺവാടികളും ഫിസിയോ തേറാപ്പി യൂണിറ്റും തുറന്ന് കൊടുക്കും.

ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം 2019 -20 പദ്ധതിയുടെ ഭാഗമായാണ് കൊച്ചിൻ ഷിപ്പ്യാർഡിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സ്കീമിൽ ഉൾപ്പെടുത്തി ജില്ലയിൽ ആരോഗ്യ കേന്ദ്രവും അംഗനവാടിയും നിർമിച്ചത്.
കാപ്പംകൊല്ലി (മേപ്പാടി ഗ്രാമപഞ്ചായത്ത്), അമ്പതേക്കർ (നൂൽപ്പുഴ ഗ്രാ.പ), വരദൂർ (കണിയാമ്പറ്റ ഗ്രാ.പ), കരയോത്തിങ്കൽ (തവിഞ്ഞാൽ ഗ്രാ.പ) എന്നിവിടങ്ങളിൽ പുതുതായി നാല് സ്മാർട്ട് അംഗൺവാടികളുടെ നിർമ്മാണം 120 ലക്ഷം രൂപ ചെലവിലാണ് പൂർത്തിയാക്കിയത്.
നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഫിസിയോതെറാപ്പി യൂണിറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിനായി 20 ലക്ഷം രൂപ ചെലവഴിച്ചു. ഇതുകൂടാതെ എൻ ഊര് വാട്ടർ സപ്ലൈക്ക് വേണ്ട 10 ലക്ഷം രൂപയും ചെലവഴിച്ചു.
ജില്ലാ നിർമിതി കേന്ദ്രയാണ് സമയബന്ധിതമായി ഗുണ നിലവാരത്തോടെ പ്രവൃത്തികൾ പൂർത്തീകരിച്ചത്.

രാജ്യത്ത് വയനാട് ഉള്‍പ്പെടെ 117 ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ ഏകോപനവും സഹകരണവും വികസന രംഗത്ത് ജില്ലകള്‍ തമ്മിലുളള ആരോഗ്യകരമായ മത്സരവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.