കോപ്പന്‍ഹേഗന്‍ : യൂറോപ്പ് സന്ദര്‍ശനത്തിൻറെ രണ്ടാം ദിവസം ഡെന്‍മാര്‍ക്കില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വിമാനം കോപ്പന്‍ഹേഗനില്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. ഡെന്‍മാര്‍ക്കില്‍ ഇറങ്ങിയ ശേഷം മോദി ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചു. ഇന്ത്യ ഡെന്‍മാര്‍ക്ക് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനം ഏറെ സഹായിക്കുമെന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു.
ജര്‍മ്മനിയിലെ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ഡെന്‍മാര്‍ക്കിലെത്തിയത്. ഡാനിഷ് പ്രധാനമന്ത്രിയുമായി അവരുടെ കോപ്പന്‍ഹേഗനിലെ വസതിയില്‍ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെന്‍മാര്‍ക്കിലെ മാര്‍ഗരേത്ത് രാജ്ഞിയെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയുടെ രണ്ടാം പതിപ്പില്‍ പങ്കെടുത്തിനു പുറമേ, മോദി ഇന്ത്യ-ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തിലും പങ്കെടുത്തിരുന്നു.
ഡെന്മാര്‍ക്കുമായുള്ള ഇന്ത്യയുടെ അതുല്യമായ ‘ഗ്രീന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിൻറെ ’ പുരോഗതിയും, ഉഭയകക്ഷി ബന്ധത്തിൻറെ മറ്റ് വശങ്ങളും അവലോകനം ചെയ്യാന്‍ ഇരു നേതാക്കള്‍ക്കും സാധിച്ചു. യൂറോപ്യന്‍ രാഷ്ട്രത്തിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു. ഏകദേശം 16,000 ഇന്ത്യന്‍ വംശജര്‍ ഡെന്‍മാര്‍ക്കില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, നവീകരണം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ നോര്‍ഡിക് രാജ്യങ്ങളായ ഐസ്ലാന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയുമായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഈ മേഖലയുമായുള്ള രാജ്യത്തിൻറെ വ്യാപാരം 5 ബില്യണ്‍ യുഎസ് ഡോളറാണെന്ന് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 200 -ലധികം ഡാനിഷ് കമ്പനികള്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.