യൂറോപ്പിനെയാകെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യം

Breaking News Business Europe

ബ്രസല്‍സ് : ഉക്രൈയ്നിലെ യുദ്ധം യൂറോപ്പിനെയാകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക ഉയരുന്നു. നിലവില്‍ അങ്ങനെയൊരു ചോദ്യം പ്രസക്തമല്ലെങ്കിലും യുദ്ധം നീളുന്ന പക്ഷം മാന്ദ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന നിലപാടിലാണ് സാമ്പത്തിക വിദഗ്ധര്‍. അങ്ങനെ വന്നാല്‍ യൂറോപ്പിനെ അത് വളരെ മോശമായി ബാധിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.

യുദ്ധത്തിൻറെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഉയര്‍ന്ന ഊര്‍ജ്ജ വിലയും കര്‍ക്കശമായ വായ്പാ വ്യവസ്ഥകളും മൂലം ഇതിനകം തന്നെ യൂറോപ്പിനെയാകെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. റഷ്യന്‍ ഊര്‍ജത്തെ അമിതമായി ആശ്രയിക്കുന്നതും സാമ്പത്തിക ബന്ധങ്ങളും ഭൂമിശാസ്ത്രപരമായ സാമീപ്യവുമെല്ലാം യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന മറ്റു ഘടകങ്ങളാണ്.

ഒമിക്രോണിൻറെ ഭീഷണി ഉയര്‍ത്തിയ മാന്ദ്യത്തില്‍ നിന്നും കരകയറിയ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ യുദ്ധത്തിന് മുമ്പ് ഫെബ്രുവരിയില്‍ ശക്തിപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധത്തിൻറെ പശ്ചാത്തലത്തില്‍ അതില്‍ കുറവുണ്ടായേക്കാമെന്നാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിൻറെ (ഇസിബി) ഇപ്പോഴത്തെ പ്രവചനം. യൂറോപ്പിൻറെ ജിഡിപി വളര്‍ച്ച 4.2%ല്‍ നിന്ന് 3.7% ആയി കുറയുമെന്നാണ് ബാങ്ക് കരുതുന്നത്.

അതേസമയം, റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതിക്ക് നിരോധനം വരുന്നത് ആഗോള ഊര്‍ജ്ജ വിതരണത്തെ ഗണ്യമായി കുറയ്ക്കും. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഇക്കാരണത്താലാണ് യൂറോപ്പിലേക്കുള്ള റഷ്യന്‍ ഊര്‍ജ്ജ ഇറക്കുമതി നിരോധിക്കണമെന്ന ആശയം ജര്‍മ്മനി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നിരസിച്ചതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല, മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിൻറെ (ജിഡിപി) മൂന്നിലൊന്ന് വരുന്ന ഊര്‍ജ കയറ്റുമതി വെട്ടിക്കുറയ്ക്കാന്‍ ഇനിയും റഷ്യ തയ്യാറാകാത്തതും പ്രശ്നമാണ്.

യുഎസിലെയും ഏഷ്യയിലെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെയും സര്‍വ്വീസുകളുടെയും വലിയ ഉപഭോക്താവാണ് യൂറോപ്പ്. അതുകൊണ്ടുതന്നെ യൂറോപ്പ് നേരിടുന്ന പ്രത്യാഘാതങ്ങള്‍ ആ പ്രദേശങ്ങളിലും സ്വാധീനം ചെലുത്തിയേക്കും.