വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ മരണo: സിബിഐ മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു

Kerala

വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. പാലക്കാട് ക്യാമ്ബ് ഓഫീസില്‍ അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുകയാണ്. കേസിലെ മറ്റ് സാക്ഷികളില്‍ നിന്നും ഇന്ന് സിബിഐ വിവരങ്ങള്‍ ശേഖരിക്കും.വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെത്തിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി മധു ഉള്‍പ്പടെ രണ്ട് പ്രതികളെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക അന്വേഷണ സംഘമാണ് വാളയാര്‍ കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുത്ത സിബിഐ സംഘം മാര്‍ച്ച്‌ 31ന് പാലക്കാട് പോക്‌സോ കോടതിയില്‍ രണ്ട് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.2017 ലാണ് വാളയാറില്‍ പതിമുന്ന് വയസും ഒന്‍പതും വയസുമുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച്‌ നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടു പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരകളായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു