കീവ് : ഉക്രൈയ്നില്‍ യുദ്ധം തുടരുന്നതിടെ മോസ്‌കോയുമായി സമഗ്രമായ സമാധാന ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയുടെ ആഹ്വാനം. യുദ്ധം റഷ്യയ്ക്ക് കനത്ത നാശമുണ്ടാക്കുമെന്നും അതില്‍ നിന്ന് കരകയറാന്‍ നിരവധി തലമുറകള്‍ കാത്തിരിക്കേണ്ടിവരുമെന്നും സെലെന്‍സ്‌കി പറഞ്ഞു.
ഒത്തുതീര്‍പ്പിന് വിസമ്മതിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് സെലെന്‍സ്‌കി പറഞ്ഞു. ഇത് ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ട സമയമാണെന്ന് ഇദ്ദേഹം മോസ്‌കോയെ വീഡിയോ സംഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. ഉക്രൈയ്നിൻറെ പ്രാദേശിക സമഗ്രതയും നീതിയും പുനസ്ഥാപിക്കേണ്ട സമയവും അതിക്രമിച്ചു. ഇനിയും വൈകിയാല്‍ യുദ്ധം റഷ്യയ്ക്കുണ്ടാക്കുന്ന നഷ്ടം ഒരിക്കലും നികത്താനാവുന്നതായിരിക്കില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 24 -നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ കീഴടക്കല്‍ റഷ്യന്‍ സേനയ്ക്ക് ഉദ്ദേശിച്ചതു പോലെ എളുപ്പമായിരുന്നില്ല. സൈന്യത്തിന് വലിയ നഷ്ടം നേരിടേണ്ടിവന്നു.
എന്നിട്ടും, റഷ്യ വന്‍ ആക്രമണം തുടരുകയാണ്. പ്രധാന യുദ്ധക്കളങ്ങളില്‍ നിന്നും അകലെയുള്ള പടിഞ്ഞാറന്‍ ഉക്രൈയ്നില്‍ പോലും അടുത്ത ദിവസങ്ങളില്‍ മിസൈല്‍ ആക്രമണവും ശക്തമാക്കി.
റഷ്യയുടെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പടിഞ്ഞാറന്‍ ഇവാനോ-ഫ്രാങ്കിവ്സ്‌ക് മേഖലയിലെ ഭൂഗര്‍ഭ ഡിപ്പോ തകര്‍ത്തു. മിസൈലുകളും വിമാന വെടിക്കോപ്പുകളും വന്‍തോതില്‍ നശിപ്പിച്ചതായും റഷ്യ അവകാശപ്പെട്ടു. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ ഉക്രൈയ്നില്‍ ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും ഇന്റര്‍ഫാക്സ് ഏജന്‍സി പറഞ്ഞു.
റഷ്യന്‍ സൈന്യം മൈക്കോളൈവില്‍ വന്‍തോതിലുള്ള വ്യോമാക്രമണമാണ് നടത്തിയത്. 40 ഉക്രൈനിയന്‍ സൈനികരെങ്കിലും ഇവിടെ കൊല്ലപ്പെട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രൈയ്‌നിൻറെ തെക്ക് ഭാഗത്തെ നിരവധി ഗ്രാമങ്ങളില്‍ വന്‍ ആക്രമണമാണ് നടത്തന്നതെന്ന് മൈക്കോളൈവ് മേയര്‍ ഒലെക്‌സാണ്ടര്‍ സെന്‍കെവിച്ച് ഫേസ്ബുക്കില്‍ പറഞ്ഞു. നഗരം കത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു.