റഷ്യന്‍ നടപടികളെ അപലപിക്കുന്ന യു.എന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ

Breaking News Europe International Russia

ഉക്രെയ്‌നിലെ റഷ്യന്‍ നടപടികളെ അപലപിച്ചുകൊണ്ടും, സേനയെ പിന്‍വലിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടുകൊണ്ടുമുള്ള യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം വീറ്റോ അധികാരത്തിലൂടെ തള്ളി റഷ്യ. രക്ഷാസമിതിയിലെ പതിനഞ്ച് അംഗങ്ങളില്‍ പതിനൊന്നു രാഷ്ട്രങ്ങളും പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ റഷ്യ മാത്രമാണ് എതിര്‍ത്തത്. ഇന്ത്യ, ചൈന, യു.എ.ഇ എന്നിവര്‍ പ്രമേയത്തില്‍ വോട്ടു ചെയ്യാതെ വിട്ടുനിന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ എതിര്‍ത്ത് വോട്ട് ചെയ്തതോടെ പ്രമേയം തള്ളുകയായിരുന്നു. യു.എസ്, അല്‍ബേനിയ എന്നീ രാജ്യങ്ങളായിരുന്നു റഷ്യക്കെതിരായ പ്രമേയം സമിതിയില്‍ കൊണ്ടുവന്നത്.

പ്രമേയം തള്ളിയെങ്കിലും ലോകരാജ്യങ്ങള്‍ റഷ്യന്‍ നിലപാടിനെതിരെ ശക്തമായി നിലകൊള്ളുന്നു എന്നതിൻറെ സൂചനയാണ് രക്ഷാസമിതിയില്‍ കണ്ടത്. പ്രമേയം റഷ്യ വീറ്റോ ചെയ്തതോടെ സമിതിയിലെ യു.എസ് പ്രതിനിധി റഷ്യക്കെതിരെ ആഞ്ഞടിച്ചു. നിങ്ങള്‍ക്ക് പ്രമേയം വീറ്റോ ചെയ്യാം, എന്നാല്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ശബ്ദങ്ങളെയോ, സത്യത്തെയോ, ഉക്രൈന്‍ ജനതയെയോ വീറ്റോ ചെയ്യാന്‍ കഴിയില്ല എന്ന് യു.എസ് പ്രതിനിധി ലിന്റ തോമസ് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗ്ഗം ചര്‍ച്ചയാണെന്ന നിലപാടായിരുന്നു ഇന്ത്യ സമിതിയിയില്‍ സ്വീകരിച്ചത്.