അമേരിക്കയില്‍ ക്രിസ്മസ് ആഘോഷ പരേഡിലേക്ക് വാഹനം ഇടിച്ചുകയറി 5 മരണം

Breaking News Crime USA

വൗക്കേഷ: അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് ആഘോഷ പരേഡിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് 5 പേര്‍ മരിച്ചു. കുട്ടികളടക്കം 40 -ലധികം പേര്‍ക്ക് പരിക്കേറ്റു. വാഹനം മനപൂര്‍വം ഇടിച്ചു കയറ്റിയെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ട്. വാഹനമോടിച്ച ഡാരല്‍ ബ്രൂക്ക്‌സിനെ (39) കസ്റ്റഡിയിലെടുത്തു. കത്തോലിക്കാ സഭയുടെ ക്രിസ്മസ് ആഘോഷ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്.

വിസ്‌കോന്‍സെന്‍ സംസ്ഥാനത്തെ വൗക്കേഷ പട്ടണത്തില്‍ ഞായറാഴ്ച സന്ധ്യയോടെ നടന്ന ക്രിസ്മസ് പരേഡിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ബാരിക്കേഡുകള്‍ തകര്‍ത്ത് കയറിയ വാഹനം ദീര്‍ഘ ദൂരം ആളുകളെ ഇടിച്ചു വീഴ്ത്തി പായുകയായിരുന്നു. ചുവന്ന എസ്യുവി അതിവേഗത്തില്‍ ഓടിച്ചുകയറ്റുന്നതിൻറെ വീഡിയോ ലഭ്യമായിട്ടുണ്ട്. വാഹനം നിര്‍ത്താനായി പൊലീസ് വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

വിശ്വാസികള്‍ ക്രിസ്മസ് തൊപ്പികളും വര്‍ണപ്പകിട്ടേറിയ വേഷവും അണിഞ്ഞ് അലങ്കരിച്ച നഗരവീഥിയിലൂടെ ഘോഷയാത്രയായി പോകുന്നതിനിടയാണു ദുരന്തമുണ്ടായത്. പരുക്കേറ്റവരില്‍ കത്തോലിക്കാ പുരോഹിതനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പരേഡില്‍ ഭാഗമായിരുന്ന നിരവധി മുതിര്‍ന്നയാളുകള്‍ക്കും കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.