മന്ത്രി വീണ ജോര്‍ജും പത്തനംതിട്ടയിലെ സി.പി.എം നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അറിയാതെ വെള്ളിയാഴ്ച നഗരസഭ മാര്‍ക്കറ്റ് നവീകരണം വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് എത്തിയതാണ് പുതിയ സംഭവം.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടായ ഒരുകോടി ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിക്കുന്നത്. സി.പി.ഐ കൗണ്‍സിലര്‍ സുമേഷ് ബാബുവും ഘടകകക്ഷി നേതാക്കളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പോടെയാണ് സി.പി.എം നേതാക്കളുമായി വീണ അകല്‍ച്ച തുടങ്ങുന്നത്. വീണയെ തോല്പിക്കാന് ചില നേതാക്കള്‍ ശ്രമിച്ചതായി അവര്‍ പരാതിപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെന്റ ആദ്യഘട്ടത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ചില നേതാക്കള്‍ തയാറായില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പത്തനംതിട്ടയില്‍ എത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും വിഭാഗീയത തുടരുകയാണ്. ചാനല്‍ പ്രവര്‍ത്തകയായ വീണയെ പാര്‍ട്ടി നേതൃത്വം മുകളില്‍നിന്ന് കെട്ടിയിറക്കിയതുമുതല് പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗത്തിെന്റ എതിര്‍പ്പ് നേരിടേണ്ടിവരുന്നുണ്ട്. ജില്ലയിലെ നേതാക്കളെയെല്ലാം നോക്കുകുത്തിയാക്കി ഇപ്പോള്‍ അവര്‍ മന്ത്രിയുമായതോടെ എതിര്‍പ്പ് ശക്തമാവുകയാണ്. ഏറ്റവും അവസാനം നഗരസഭ കൗണ്‍സിലര്‍ വി.ആര്. ജോണ്സണ് എസ്.ഡി.പി.ഐക്കെതിരെ ഫേസ്ബുക്കില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയതും വിഭാഗീയതയുടെ ഭാഗമായിരുന്നു. നഗരസഭ ചെയര്‍മാനെ അനുകൂലിക്കുന്നവരാരും ജോണ്‍സണെ പിന്തുണക്കാന്‍ തയാറായിട്ടില്ല. എസ്.ഡി.പി.ഐയും എല്‍.ഡി.എഫും ചേര്‍ന്നുള്ള നഗരസഭ ഭരണം പൊളിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെന്നും പറയുന്നു.
എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള നഗരസഭ ഭരണത്തെ സി.പി.എമ്മിലെ ഒരുവിഭാഗവും സി.പി.ഐയും എതിര്‍ക്കുന്നുണ്ട്.