തിരുവനന്തപുരം: കോവിഡ് മരണം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മരണ കാരണങ്ങള്‍ നിശ്ചയിക്കുന്ന ഐ.സി.എം.ആര്‍, ഡബ്ല്യൂ.എച്ച്.ഒ എന്നിവയുടെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചതാണ് പ്രശ്നം. പോസിറ്റീവ് ആയി സ്ഥിരീകരിച്ചതും ലക്ഷണങ്ങള്‍ വെച്ച് കോവിഡ് ആകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുന്നതുമായ കേസുകളില്‍ രോഗി പിന്നീട് മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കാം എന്നാണ് ഡബ്ല്യൂ.എച്ച്.ഒ നിര്‍വചനം.
അര്‍ബുദം, കരള്‍, വൃക്ക രോഗങ്ങള്‍ അടക്കമുള്ള മാരക രോഗങ്ങളുള്ള ആളുകള്‍ കോവിഡ് വന്ന് മരിച്ചാലും കോവിഡ് മരണമായി കാണണമെന്നും നിര്‍വചനത്തില്‍ പറയുന്നുണ്ട്. അര്‍ബുദം, കരള്‍, വൃക്ക രോഗങ്ങള്‍ വഴിയുള്ള മരണങ്ങള്‍ കോവിഡ് മരണമായി കാണേണ്ടെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദേശം സംസ്ഥാനത്തൊട്ടാകെ പോയിട്ടുണ്ട്. ഐ.സി.എം.ആര്‍, ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡ പ്രകാരമുള്ള മുന്‍ മരണങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചു.
ഐ.സി.എം.ആര്‍, ഡബ്ല്യൂ.എച്ച്.ഒ എന്നിവയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കോവിഡ് പിടിപ്പെട്ട് മരിച്ചയാളെ അങ്ങനെ തന്നെ രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.