ഞങ്ങള്‍ നിങ്ങളോട് കൂടെയെന്ന് ഉക്രൈന്‍ ജനതയോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Italy Special Feature Ukraine

വത്തിക്കാന്‍ : വിശുദ്ധിയുടെ ഈസ്റ്ററിന് മുന്നോടിയായുള്ള ശനിയാഴ്ചത്തെ കുര്‍ബ്ബാനയില്‍ ഉക്രൈയ്ന്‍ യുദ്ധത്തിൻറെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇരുട്ടു നിറഞ്ഞ ക്രൂരതയാണ് യുദ്ധമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

”നിങ്ങള്‍ക്കും നിങ്ങളോടു കൂടെയുള്ളവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്.കാരണം നിങ്ങള്‍ അത്രത്തോളം കഷ്ടപ്പാടുകളാണ് സഹിക്കുന്നതും നേരിടുന്നതും. ഞങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും കൂടെയുണ്ട്. ധൈര്യമായിരിക്കണമെന്നു പറയാന്‍ മാത്രമേ കഴിയുന്നുള്ളു” ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

ഉക്രേനിയന്‍ ഭാഷയില്‍ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറഞ്ഞാണ് മാര്‍പ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. റഷ്യന്‍ സൈന്യം തടവിലാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഉക്രൈയ്നിലെ മെലിറ്റോപോളിലെ മേയര്‍ ഇവാന്‍ ഫെഡോറോവും കുടുംബാംഗങ്ങളും ഉക്രൈയിന്‍ എം.പിമാരായ റസ്റ്റെം ഉമെറോവ് മരിയ മെസെന്റ്സേവ, ഒലേന ഖൊമെന്‍കോ എന്നിവരും കുര്‍ബ്ബാനയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കുര്‍ബ്ബാനയ്ക്ക് മുമ്പ് ഫ്രാന്‍സിസ് ഉക്രൈയ്ന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റേ ആയിരുന്നു പ്രധാന അതിഥി.

വിശുദ്ധ വാരാചരണ പരിപാടികള്‍ ഇന്ന് സമാപിക്കും. രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 2019ന് ശേഷമായാണ് ഈ പരിപാടിയില്‍ പൊതുജനങ്ങളെ അനുവദിക്കുന്നത്. ഇന്ന് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കുര്‍ബാന ചൊല്ലും. തുടര്‍ന്ന് തൻറെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ‘ഉര്‍ബി എറ്റ് ഓര്‍ബി’ അനുഗ്രഹ പ്രഭാഷണവും നടത്തും.

കാലിൻറെ വേദന കാരണം പരിപാടികള്‍ വെട്ടിക്കുറച്ചതിനാല്‍ മാര്‍പ്പാപ്പ വിജില്‍ കുര്‍ബ്ബാനയില്‍ കാര്‍മ്മികത്വം വഹിച്ചില്ല. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്‍വശത്തെ വെള്ളക്കസേരയില്‍ ഇരുന്നുകൊണ്ട് ബൈബിള്‍ വായിക്കുകയായിരുന്നു അദ്ദേഹം .

വത്തിക്കാന്‍ പുറത്തിറക്കിയ കാര്യ പരിപാടിയില്‍ ശനിയാഴ്ച വൈകീട്ടത്തെ ശുശ്രൂഷയില്‍ മാര്‍പ്പാപ്പയെയായിരുന്നു മുഖ്യകാര്‍മ്മികനായി ചൂണ്ടിക്കാണിച്ചിരുന്നത്. മാര്‍പ്പാപ്പ മാറി നിന്നതിന് ഔദ്യോഗികമായി പ്രത്യേക കാരണമൊന്നും വത്തിക്കാന്‍ നല്‍കിയിട്ടുമില്ല. ബസലിക്കയിലെ ദുഃഖവെള്ളി ശുശ്രൂഷയിലും അദ്ദേഹം പങ്കെടുത്തിരുന്നു.എന്നാല്‍ സാധാരണ ചെയ്യാറുള്ളുതുപോലെ തറയില്‍ സാഷ്ടാംഗം പ്രണമിച്ചില്ല.

ശാരീരിക പ്രശ്നങ്ങള്‍ മൂലം ഏപ്രില്‍ ആദ്യം നടത്തിയ മാള്‍ട്ട സന്ദര്‍ശന പരിപാടിയില്‍ അദ്ദേഹം ചില പരിപാടികള്‍ വെട്ടിക്കുറച്ചിരുന്നു.