വൈഗ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala

കേരളത്തെ ഞെട്ടിച്ച വൈഗ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വൈഗയുടെ പിതാവായ പ്രതി സനുമോഹന്‍ അറസ്റ്റിലായി എണ്‍പത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് തുടങ്ങിയ കുറ്റങ്ങള്‍ സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. മകള്‍ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മകള്‍ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനുമോഹന്റെ ശ്രമം. കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടില്‍ മറ്റൊരാളായി ജീവിക്കാനായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരില്‍ നിന്ന് കുട്ടിക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്തു. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്താന്‍ ശ്രമിച്ചു. ഫ്ലാറ്റില്‍ എത്തിയതിനുശേഷം മൂക്കും വായും പൊത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരിച്ചു എന്നുകരുതിയാണ് പുഴയില്‍ എറിഞ്ഞത്. എന്നാല്‍ കുട്ടി അപ്പോള്‍ മരിച്ചിരുന്നില്ല, വെള്ളം കുടിച്ചുമരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 97 സാക്ഷികളാണുള്ളത്.