വാക്‌സിനെടുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരണപ്പെട്ടു

Kerala

കോഴഞ്ചേരി: വാക്‌സിനെടുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരണപ്പെട്ടു . നാരങ്ങാനം നെടുമ്ബാറ പുതുപ്പറമ്ബില്‍ ജിനു ജി കുമാറിന്റെ ഭാര്യ ദിവ്യ ആര്‍ നായര്‍ (38) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് മൂലമുണ്ടായ അസ്വസ്ഥതകളാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓഗസ്റ്റ് രണ്ടിനാണ് യുവതി കടമ്മനിട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചത്. പിന്നാലെ തലവേദനയുണ്ടായി.

തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ച് മസ്തിഷ്‌കാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച്, രണ്ട് തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.