ഉക്രൈനിലേയ്ക്ക് 700 മില്യണ്‍ ഡോളറിൻറെ അമേരിക്കന്‍ ആയുധങ്ങള്‍

Headlines Russia Ukraine USA

മോസ്‌കോ : ഉക്രൈയ്ന് മിസൈല്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ. ഉക്രൈയ്‌നിലേക്ക് കൂടുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ അയക്കാനുള്ള യുഎസ് പദ്ധതി എരി തീയില്‍ എണ്ണ ഒഴിക്കുന്നതാണെന്ന് ക്രെംലിന്‍ വക്താവ് പറഞ്ഞു.

റഷ്യന്‍ മുന്നേറ്റം തടയുന്നതിനായി ഹൈടെക്, മീഡിയം മിസൈലുകള്‍ അടക്കമുള്ള വന്‍ ആയുധ ശേഖരം ഉക്രെയ്‌നിന് കയറ്റുമതി ചെയ്യാന്‍ യു എസ് ഭരണകൂടം തയ്യാറെടുക്കുന്നതിനിടയിലാണ് റഷ്യന്‍ പ്രതികരണം വന്നത്. ഹെലികോപ്റ്ററുകള്‍, ജാവെലിന്‍ ടാങ്ക് വേധ ആയുധങ്ങള്‍, ടാക്ടിക്കല്‍ വെഹിക്കിള്‍സ് എന്നിവ ഉള്‍പ്പെടെ 700 മില്യണ്‍ ഡോളറിൻറെ സഹായമാണ് അമേരിക്ക ഉക്രൈന് നല്‍കുക.

അതിനിടെ, കീവിനെ സഹായിക്കുന്നില്ലെന്ന വിമര്‍ശനത്തിനിടയില്‍ ഉക്രൈയ്‌ന് വിമാനവേധ മിസൈലുകളും റഡാര്‍ സംവിധാനങ്ങളും അയയ്ക്കാനൊരുങ്ങുകയാണ് ജര്‍മ്മനിയെന്ന് റിപ്പോര്‍ട്ടുണ്ട്.

പോരാട്ടം തുടരുന്നതിനിടെ, കിഴക്കന്‍ ഉക്രൈയ്നിലെ പ്രധാന നഗരമായ സീവിറോഡോനെറ്റ്സ്‌കിൻറെ പകുതി ഭാഗം റഷ്യ പിടിച്ചെടുത്തു. സീവിയേറോഡോനെറ്റ്‌സ്‌കിൻറെ 70% റഷ്യന്‍ സൈന്യത്തിൻറെ നിയന്ത്രണത്തിലാണെന്ന് റീജിയണല്‍ ഗവര്‍ണര്‍ പറഞ്ഞു.