ബ്രസൽസ് : റഷ്യ-ഉക്രെയ്ന് സംഘര്‍ഷത്തിൻറെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയൻറെ കിഴക്കന്‍ തീരങ്ങള്‍ അഭയാര്‍ഥി ഭീഷണിയില്‍. പഴയ സോവിയറ്റ് കാലത്തെ ഇരുമ്പുമറകളെ അനുസ്മരിക്കുന്ന നാളുകളായിരിക്കുമോ വരാന്‍ പോകുന്നത് എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 1990കളില്‍ യൂഗോസ്ലാവ്യന്‍ കുടിയേറ്റം അയല്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ വളരെ ദോഷകരമായി ബാധിച്ചിരുന്നു. അത്തരം തനിയാവര്‍ത്തനങ്ങള്‍ ഇവിടെയുണ്ടാകുമോയെന്നാണ് ഇനി കാണേണ്ടത്.
ഉക്രെയ്നില് നിന്നുള്ള ആയിരക്കണക്കിനാളുകളുടെ പലായനമാണ് അയല്‍രാജ്യങ്ങള്‍ മുന്നില്‍ക്കാണുന്നത്. റോമാനിയ,പോളണ്ട്, സ്ലോവാക്യ,ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്.
അഭയാര്‍ഥി ക്യാമ്പുകള്‍ സജ്ജമാക്കുന്നതടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളും റോമാനിയയും പോളണ്ടുമടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. പോളണ്ടിൻറെ അതിര്‍ത്തി പട്ടണങ്ങളില്‍ അഭയാര്‍ഥികള്‍ക്കായി ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ് പോളണ്ട്. പോളണ്ടിലേയ്ക്കാവും ഏറ്റവും കൂടുതല്‍ അഭയാര്‍ഥി പ്രവാഹമുണ്ടാവുകയെന്നാണ് കരുതുന്നത്. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഒരുക്കങ്ങള്‍ നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രി മാര്സിന് പ്രസിഡാക്സ് പറഞ്ഞു. കിഴക്കന്‍ പട്ടണമായ സിച്ചാനോവിലില് ഹോട്ടലുകള്‍ പോലും അഭയാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. വടക്കന്‍ പട്ടണമായ എല്‍ബ്ലാഗ് 420 ,തെക്ക്, ചെസ്റ്റോചോവ 1100,മധ്യ നഗരമായ ടോറണില് 96 എന്നിങ്ങനെയും അഭയാര്‍ഥി താവളങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഉക്രെയ്നുമായി നീണ്ട അതിര്‍ത്തി പങ്കിടുന്ന രാജ്യമായ റോമാനിയയും വിശാലമായ കര്‍മ്മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി ആഭ്യന്തര മന്ത്രി ലൂസിയന്‍ ബോഡെ പറഞ്ഞു. ചെറിയ തോതില്‍ യുദ്ധമുണ്ടായാല്‍ പോലും പതിനായിരക്കണക്കിന് അഭയാര്ത്ഥികളുണ്ടാകാമെന്ന് സ്ലോവാക്യയുടെ പ്രതിരോധ മന്ത്രി പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ സൈനികരെ സജ്ജമാക്കിയെന്നും ഉക്രെയ്നുമായി അടുത്ത ബന്ധപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി റോബര്‍ട്ട് മിക്കുലെക് പറഞ്ഞു.