റോം : ഉക്രൈനില്‍ നിന്നുമുള്ള അഭയാര്‍ഥികളെയും വഹിച്ച് യാത്രചെയ്യുകയായിരുന്ന ബസ് ഇറ്റലിയില്‍ അപകടത്തില്‍ പെട്ടു. അപകടത്തെത്തുടര്‍ന്ന് ഒരു ഉക്രൈന്‍ സ്വദേശി മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിട്ടുണ്ട്. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല . അമ്പതോളം പേരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെ എമിലിയ-റോമാഗ്നാ റീജിയണിലെ ഫ്ലോർലി നഗരത്തിന് സമീപത്തായി A14 മോട്ടോര്‍വേയിലായിരുന്നു അപകടമുണ്ടായത്. റോഡില്‍ നിന്നും മാറി അരികിലായുള്ള പുല്‍മേട്ടിലേക്ക് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു ബസ് കണ്ടെത്തിയത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ബസ് ഇവിടെ നിന്നും മാറ്റിയത്.
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് ഇറ്റാലിയന്‍ ഹൈവേ പോലീസിൻറെ പ്രാഥമിക നിഗമനം. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.