റഷ്യയ്ക്കെതിരെ പോരാടാന്‍ അയര്‍ലണ്ടില്‍ നിന്നും പോയ ഉക്രൈനിയന്‍ പൗരന് വീരമൃത്യു

Europe Headlines Obituary Russia Ukraine

ഡബ്ലിന്‍ : റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ അയര്‍ലണ്ടില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് പോയ ഉക്രൈനിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷമായി അയര്‍ലണ്ടിലെ സ്റ്റിലോര്‍ഗനില്‍ താമസിച്ചു വരികയായിരുന്ന ഒലെക്‌സാണ്ടര്‍ സാവ്‌ഹോരോദ്‌നി(45)യാണ് സ്വന്തം രാജ്യത്തെ രക്ഷിക്കാനുള്ള യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചത്.

ഡബ്ലിനിലെ സാന്‍ഡിഫോര്‍ഡിലെ ആല്‍ഡിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മാര്‍ച്ച് രണ്ടിനാണ് ഇദ്ദേഹം അയര്‍ലണ്ടില്‍ നിന്ന് ഉക്രെയ്‌നിലേക്ക് പോയത്. ലുഹാന്‍സ്‌കിനടുത്ത് പോപാസ്‌നയില്‍ നടന്ന കനത്ത പോരാട്ടത്തിലാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിന് പോകരുതെന്ന് പല സുഹൃത്തുക്കളും വിലക്കിയിരുന്നു. എന്നാല്‍ തനിക്കതിന് കഴിയില്ലെന്ന് പറഞ്ഞ് യുദ്ധഭൂമിയിലേയ്ക്ക് ധൈര്യസമേതം പോവുകയായിരുന്നു ഈ യോദ്ധാവ്.

ഉക്രൈയ്നിലേക്ക് പോകുന്നതിന് മുമ്പ് വാര്‍സോ സ്റ്റേഷനില്‍ കണ്ടെത്തിയ സ്ത്രീ അഭയാര്‍ത്ഥികള്‍ക്ക് തൻറെ പണം മുഴുവന്‍ നല്‍കിയ ശേഷമാണ് ഇദ്ദേഹം പോയത്. രണ്ടു കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിൻറെ കുടുംബം ഉക്രൈയിനിലായിരുന്നു. കുടുംബം സുരക്ഷിതമാണെന്നാണ് ഇദ്ദേഹം മാര്‍ച്ച് 22ന് സുഹൃത്തുക്കള്‍ക്ക് നല്‍കിയ വിവരം. അതിനു ശേഷം ഇദ്ദേഹത്തെ ബന്ധപ്പെടാനായിരുന്നില്ല.

സാവ്‌ഹോരോദ്‌നിയെ അദ്ദേഹത്തിൻറെ ജന്മനാടായ ഒഖ്തിര്‍ക്കയിലാണ് സംസ്‌കരിക്കുക. അദ്ദേഹത്തിൻറെ കുടുംബത്തെ സഹായിക്കാന്‍ ആല്‍ഡിയിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഫണ്ട് റൈസിംഗ് പേജ് ആരംഭിച്ചിട്ടുണ്ട്.