യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഉക്രൈന്‍

Breaking News India Russia Ukraine

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഇന്ത്യയുടെ സഹായം വീണ്ടും തേടി ഉക്രൈന്‍. ഇക്കാര്യത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാണെങ്കില്‍ അദ്ദേഹത്തിൻറെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്നും ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്‍ഡിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയിലെ എല്ലാ പ്രധാന തീരുമാനങ്ങളും എടുക്കുന്നത് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ്. റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കുന്ന കാര്യം പുടിനോട് സംസാരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി കുലേബ പറഞ്ഞു.

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയില്‍ ഒഴിച്ചുകൂടാനാകാത്ത പങ്ക് ഉക്രൈനുണ്ട്. സൂര്യകാന്തി എണ്ണ, ധാന്യങ്ങള്‍ എന്നിവ ഉക്രൈനില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഗുണഭോക്താക്കളാണ് ഉക്രൈനിലെ ജനങ്ങളെന്നും ഇന്ത്യയുടെ പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് യൂറോപ്പിലേയ്ക്കും യുഎസിലേയ്ക്കുമുള്ള ക്രൂഡ് ഓയില്‍ വിതരണം തടസ്സപ്പെട്ടതിനാല്‍ ഏഷ്യയില്‍ വിറ്റഴിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് റഷ്യ അസംസ്‌കൃത എണ്ണ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ബാരലിന് 35 ഡോളര്‍ വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. എന്നാല്‍ 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ചൈനയിലേയ്ക്കും വന്‍തോതില്‍ എണ്ണ എത്തിക്കാനുള്ള ശ്രമവും റഷ്യ നടത്തുന്നുണ്ട്.