ഉക്രെയ്ന്-റഷ്യ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം. അതിര്‍ത്തിയില്‍ റഷ്യയുടെ വന്‍ സേനാവിന്യാസത്തിനു പിന്നാലെ യുഎസ് പടക്കപ്പല്‍ ഉക്രെയ്ന് തീരത്തെത്തി. മിസൈല്‍ വേധ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ യുഎസ് യുദ്ധക്കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 8,500 സൈനികരെയാണ് യുക്രൈനിലേക്ക് അമേരിക്ക അയച്ചത്. അതേസമയം അമേരിക്കയുടെ നീക്കത്തില്‍ റഷ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. യുഎസ് നീക്കം ഉക്രെയ്നിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻറെ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നല്കി. യുഎസ്-നാറ്റോ നടപടികളാണ് പ്രശ്നം വഷളാക്കിയതെന്ന് റഷ്യ കുറ്റപ്പെടുത്തി.
ഉക്രെയ്ന് സംഘര്‍ഷം പരിഹരിക്കാന്‍ വെള്ളിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല.
അമേരിക്കയെ കൂടാതെ കിഴക്കന്‍ യൂറോപ്പിലേക്കും നാറ്റോ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ നിന്ന് നിരവധി തൊഴിലാളികളെ തിരിച്ചുവിളിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യ ആയിരക്കണക്കിന് സൈനികരെ ഉക്രെയ്ന് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. യുക്രൈനെതിരായ സൈനിക നടപടിക്കുള്ള നീക്കമാണിതെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്. സൈനികനീക്കത്തിനൊന്നും ഇപ്പോള്‍ ആലോചനയില്ലെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നാറ്റോയും യുഎസും അംഗീകരിച്ചിട്ടില്ലെങ്കില്‍ ആ രീതിയിലേക്ക് നീങ്ങേണ്ടിവരുമെന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.