ഉക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പികാൻ വോയമസേനയും

Breaking News Europe India

റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഉക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കുന്നു. ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ പങ്കെടുക്കാന്‍ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളെ ഉപയോഗിച്ച് ഒഴിപ്പിക്കല്‍ അതിവേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാരിൻറെ നീക്കം. ഇന്ത്യന്‍ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക.

ഉക്രെയ്നും അഭയാര്‍ത്ഥികള്‍ അഭയം പ്രാപിച്ച സമീപരാജ്യങ്ങള്‍ക്കും മരുന്നും മറ്റു സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി17 വിമാനങ്ങള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചു വരാനാണ് പദ്ധതിയിടുന്നത്. നിലവില്‍ സ്വകാര്യ എയര്‍ലൈന്‍ കമ്പനികളായ എയര്‍ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ ഉക്രെയ്‌ൻറെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുവരാനായി സര്‍വ്വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം 23 സര്‍വ്വീസുകള്‍ കൂടി ഈ കമ്പനികള്‍ നടത്തും. ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സര്‍വ്വീസ്.

സ്വകാര്യ വിമാനക്കമ്പനികളെ മാത്രം ആശ്രയിച്ചാല്‍ ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മൊത്തം തിരിച്ചെത്തിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് വ്യോമസേനയെ കൂടി രംഗത്ത് ഇറക്കാനുള്ള കേന്ദ്രസര്‍ക്കാരിൻറെ തീരുമാനം. അതേസമയം, ഇന്നും നാളെയുമായി പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിവിധ രാജ്യങ്ങളിലേക്ക് പോകും.

രക്ഷാപ്രവര്‍ത്തനത്തിനായുള്ള സി17 വിമാനങ്ങള്‍ ഉക്രെയ്‌നിലേക്ക് പോകാന്‍ തയ്യാറാക്കി കഴിഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അവസാന നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഇന്ന് തന്നെ കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രെയിനോ അല്ലെങ്കില്‍ ലഭ്യമാകുന്ന മറ്റു യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച് എത്രയും പെട്ടെന്ന് കീവില്‍ നിന്ന് മാറാനാണ് നിര്‍ദ്ദേശം.