സെലന്‍സ്‌കിയ്ക്ക് കൈയ്യടിച്ച് ഐറിഷ് പാര്‍ലമെന്റ്

Europe Headlines Russia Ukraine

ഡബ്ലിന്‍ : റഷ്യന്‍ കാടത്തത്തിനെതിരെ പോരാടുന്ന ഉക്രൈന്‍ നേതാവ് വ്ളാഡിമര്‍ സെലന്‍സ്‌കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അയര്‍ലണ്ട്. ഇന്നലെ ഡെയ്ലിനെ അഭിസംബോധന ചെയ്ത സെലന്‍സ്‌കിയ്ക്ക് അയര്‍ലണ്ടിൻറെ ഐക്യദാര്‍ഢ്യം.

വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേയും പ്രധാനമന്ത്രിയും ഉപ പ്രധാനമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവുമെല്ലാം സെലന്‍സ്‌കിയ്ക്ക് രാജ്യത്തിൻറെ അഭിവാദ്യം അര്‍പ്പിച്ചു.

പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ചരിത്രം കുറിക്കുന്ന പ്രസംഗം കേള്‍ക്കാന്‍ ടിഡിമാരും സെനറ്റര്‍മാരും 45 വിദേശ നയതന്ത്രജ്ഞരും ഡെയില്‍ ചേംബറില്‍ സന്നിഹിതരായിരുന്നു.

റഷ്യ തൻറെ രാജ്യത്തിന് വരുത്തിയ നാശത്തില്‍ അയര്‍ലണ്ട് നിഷ്പക്ഷത പാലിച്ചിട്ടില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. തുടക്കം മുതല്‍ തന്നെ ഉക്രൈയ്‌നെ പിന്തുണച്ചു, സഹായിച്ചു. ഒരിക്കലും നിഷ്പക്ഷത പാലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും അയര്‍ലണ്ടിലെ എല്ലാ വിഭാഗം ജനങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈയിനിലെ ജനതയോട് നിങ്ങള്‍ കാണിച്ച കരുതല്‍ എക്കാലവും മനസ്സിലുണ്ടാകുമെന്നും സെലന്‍സ്‌കി പറഞ്ഞു.

എന്നിരുന്നാലും, അയര്‍ലണ്ടില്‍ നിന്ന് കൂടുതല്‍ നേതൃപരമായ പിന്തുണയുണ്ടാകണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. 10 മില്യണ്‍ ആളുകള്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടിരിക്കുകയാണ്. അവര്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഉക്രൈനിനെ പിടിച്ചടക്കാനാണ് റഷ്യന്‍ ശ്രമം. അതിനാല്‍ യുദ്ധവിരുദ്ധ സഖ്യത്തിൻറെ നേതൃത്വത്തിലേയ്ക്ക് അയര്‍ലണ്ട് കൂടി വരണമെന്ന് ആഗ്രഹിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. റഷ്യയ്‌ക്കെതിരെ കൂടുതല്‍ കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

യുദ്ധം ആരംഭിച്ച് 42 ദിവസത്തിനുള്ളില്‍ 167 കുട്ടികള്‍ കൊല്ലപ്പെട്ടു, 927 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ന്നു. 258 ആശുപത്രികള്‍, 78 ആംബുലന്‍സുകള്‍ക്ക് എന്നിവയൊക്കെ നശിപ്പിച്ചു. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ അയര്‍ലണ്ടിൻറെ നേതൃത്വത്തിന് കഴിയും. യൂറോപ്പ് മുഴുവനും ഈ യുദ്ധം അവസാനിപ്പിച്ച് യൂറോപ്പിൻറെ കിഴക്ക് മുഴുവന്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ കഴിയണം. അയര്‍ലണ്ടും ഉക്രൈയ്‌നും തമ്മില്‍ ഒരു പുതിയ ബന്ധം രൂപപ്പെടണമെന്നും സെലെന്‍സ്‌കി പറഞ്ഞു. സെലന്‍സ്‌കിയുടെ പ്രസംഗത്തിന് നല്ല കൈയ്യടിയാണ് ലഭിച്ചത്. ഐക്യരാഷ്ട്രസഭയെ ഉടന്‍ പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ സ്വയം പിരിഞ്ഞുപോവുകയോ ചെയ്യണമെന്ന് സെലന്‍സ്‌കി വെല്ലുവിളിച്ചിരുന്നു.

റഷ്യന്‍ കല്‍ക്കരി, ഓയില്‍, ഗ്യാസ് എന്നിവയ്ക്ക് സമ്പൂര്‍ണ നിരോധനമേര്‍പ്പെടുത്തുന്നതിനെ രാജ്യം പിന്തുണയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു. ഒരു രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ അതിൻറെ പ്രസിഡന്റ് ഐറിഷ് പാര്‍ലമെന്റിനോട് സംസാരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് കോവനേ ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധവും ക്രൂരവുമായ യുദ്ധത്തിനും ആക്രമണത്തിനുമെതിരെ ജനങ്ങളെ നയിക്കുന്നതില്‍ സെലന്‍സ്‌കി കാണിക്കുന്ന ധൈര്യവും പ്രതിരോധവും തികച്ചും അഭിനന്ദനീയമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.