ലണ്ടന്‍ : യു കെയില്‍ മങ്കി പനി സ്ഥിരീകരിച്ചു. അടുത്തിടെ നൈജീരിയയില്‍ നിന്നെത്തിയ ആളിലാണ് അപൂര്‍വ്വ രോഗം കണ്ടെത്തിയത്. രോഗി ലണ്ടനിലെ ഗൈസ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രി യൂണിറ്റിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു.
സ്ത്രീയാണോ പുരുഷനാണോ തുടങ്ങിയ രോഗിയെകുറിച്ചുള്ള വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒപ്പം വിമാനത്തില്‍ യാത്ര ചെയ്തവരുള്‍പ്പടെ രോഗിയുമായി അടുത്തു ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
അധിക വ്യാപന ശേഷിയുള്ള മാരകമല്ലാത്ത രോഗമാണെങ്കിലും 1980ല്‍ ഉന്മൂലനം ചെയ്ത സ്മോള്‍ പോക്സുമായി ബന്ധപ്പെട്ട രോഗമായ മങ്കി പനി വീണ്ടും കടന്നുവന്നത് ആശങ്കപ്പെടുത്തുന്നതാണ്. നേരിയ ലക്ഷണങ്ങളേ ഇതിനുള്ളു. സാധാരണയായി നാലോ ആഴ്ചകള്‍ വരെ രോഗം നീണ്ടുനില്‍ക്കും. അണുബാധയ്ക്ക് ശേഷം അഞ്ച് മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണിക്കാം.
പനി, തലവേദന, പേശിവേദന, നടുവേദന, വിറയല്‍, ക്ഷീണം, ലിംഫ് നോഡുകള്‍ എന്നിവയാണ് കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. ഇതിനു ശേഷമുള്ള രോഗിയുടെ അവസ്ഥയില്‍ നിന്നാണ് മങ്കി പനിയാണെന്ന് സ്ഥിരീകരിക്കുന്നത്. മങ്കി പനി ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രോഗിയുടെ മുഖത്ത് ചുണങ്ങുപോലുള്ള പാടുകള്‍ ദൃശ്യമാകും. പിന്നീടത് ശരീരമാസകലം വ്യാപിയ്ക്കും.
1958ല്‍ ലാബോറട്ടറിയില്‍ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത് എന്നതിനാലാണ് ഈ പേര് വന്നത്. എന്നിരുന്നാലും രോഗകാരികള്‍ കുരങ്ങല്ലെന്ന് വ്യക്തമായിട്ടുണ്ട്. എലികളാണ് അണുബാധയുണ്ടാക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.