ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

Breaking News Entertainment India Sports

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഫെബ്രുവരി 24നും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മാര്‍ച്ച് 4 -നുമാണ് ആരംഭിക്കുന്നത്. അതിനിടെ, മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ ബിസിസിഐ നിയമിച്ചു. തുടര്‍ച്ചയായി കളിച്ചുകൊണ്ടിരുന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജസ്പ്രീത് ബുംറയാണ് ടി20യിലും ടെസ്റ്റിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.

മലയാളി താരം സഞ്ജു സാംസണെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഋഷഭ് പന്തില്ലാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു ആയേക്കും. ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തി. ഏറെ നാള്‍ ബയോ ബബിളില്‍ കഴിയേണ്ടി വന്നതിനാലും അവസരത്തിനായി കാത്തിരിക്കുന്ന യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാനുമായിട്ടാണ് കോഹ്ലിക്കും പന്തിനും വിശ്രമം അനുവദിച്ചത്. അതേസമയം, ടെസ്റ്റ് പരമ്പരയില്‍ ഇവര്‍ രണ്ടുപേരുമുണ്ട്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം കോഹ്ലിയുടെ 100-ാമത്തെ മത്സരമായിരിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.

ഏറെ നാളായി മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനയേയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി. ഇഷാന്ത് ശര്‍മയേയും വൃദ്ധിമാന്‍ സാഹയെയും പരിഗണിച്ചില്ല. സാഹയ്ക്ക് പകരം കെ എസ് ഭരത് ടീമില്‍ ഇടം പിടിച്ചു. യുവ താരം ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി നിയമിതനായ രോഹിത് ശര്‍മ്മയെ ടെസ്റ്റ് ഫോര്‍മാറ്റിലും മുഴുവന്‍ സമയ ക്യാപ്റ്റനായി ശനിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റതിനെത്തുടര്‍ന്ന് വിരാട് കോഹ്ലി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രോഹിത്തിൻറെ നിയമനം. ഭാവി നായകന്മാരെ രോഹിത്തിന് കീഴില്‍ വളര്‍ത്തിയെടുക്കുമെന്നാണ് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ പറഞ്ഞത്.