സുനാമി അതിശക്തം ഒറ്റപ്പെട്ട് ടോംഗ

Breaking News International

വെല്ലിംഗ്ടണ്‍: അഗ്നിപര്‍വത സ്ഫോടനവും പിന്നാലെ സുനാമിത്തിരയും നേരിട്ട തെക്കന്‍ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിലെ നിലവിലെ സ്ഥിതിവിവരങ്ങള്‍ക്കായി കാതോര്‍ത്ത് ലോകം. പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട് കഴിയുകയാണ് ടോംഗ. ടോംഗയിലെ ഫോനുവഫോ ദ്വീപില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് കിഴക്കായുള്ള ‘ഹംഗ – ടോംഗ – ഹംഗ – ഹാപായി’ എന്ന സജീവ അഗ്നിപര്‍വതത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ സ്ഫോടനമുണ്ടായത്.

പിന്നാലെ നാലടിയോളം ഉയരത്തിലുള്ള സുനാമിത്തിരകള്‍ ടോംഗയുടെ തീരത്ത് ആഞ്ഞടിക്കുകയായിരുന്നു. ടോംഗയില്‍ ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായതോടെ ദുരന്തത്തിൻറെ വ്യാപ്തി എത്രത്തോളമാണെന്ന് നിര്‍ണയിക്കാനായിട്ടില്ല. അതേസമയം, ടോംഗയിലെ സുനാമിത്തിരയില്‍പ്പെട്ട് ഒരു ബ്രിട്ടീഷ് യുവതി മരിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ടോംഗയിലെ അഗ്നിപര്‍വത സ്ഫോടന ഫലമായി പസഫിക് തീരങ്ങളില്‍ ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടോംഗയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ന്യൂസിലന്‍ഡും ഓസ്ട്രേലിയയും നിരീക്ഷണ വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ആശയവിനിമയ സംവിധാനങ്ങള്‍ പരിമിതമായിരുന്ന ടോംഗയിലെ തീരപ്രദേശങ്ങളില്‍ അഗ്നിപര്‍വത സ്ഫോടനത്തിനും സുനാമിയ്ക്കും പിന്നാലെ അവ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സമുദ്രത്തിനടിയിലൂടെയുള്ള ഒരു ഇന്റര്‍നെറ്റ് കേബിളും തകരാറിലായി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഗ്നിപര്‍വതം ആദ്യം പൊട്ടിത്തെറിച്ചത്. പിന്നാലെ ശനിയാഴ്ച വൈകിട്ട് 5.26 ഓടെ സംഭവിച്ച രണ്ടാമത്തെ സ്ഫോടന ഫലമായി 5.30ന് ടോംഗയുടെ തലസ്ഥാനമായ നുകുഅലോഫയ്ക്ക് സമീപം 4 അടിയോളം ഉയരത്തില്‍ സുനാമിത്തിരയടിച്ചതായി ഓസ്ട്രേലിയന്‍ ബ്യൂറോ ഒഫ് മെറ്ററോളജി അറിയിക്കുകയായിരുന്നു. 700,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ചിതറിക്കിടക്കുന്ന 170 ചെറു ദ്വീപുകള്‍ കൂടിച്ചേരുന്നതാണ് ടോംഗ. ഏകദേശം 100,000 ജനങ്ങളാണ് ടോംഗയില്‍ ജീവിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ടോംഗാറ്റപു ദ്വീപിലാണ് ജീവിക്കുന്നത്.