ഒമിക്രോണ്‍ ബ്രിട്ടന്‍ വഴിയെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി

Covid Europe Headlines

ഡബ്ലിന്‍ : ഒമിക്രോണ്‍ വേരിയന്റിനെതിരെയുള്ള മുന്‍ കരുതലിൻറെ ഭാഗമായി ബ്രിട്ടന്‍ വഴിയെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി.

ബ്രിട്ടനില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് എത്തിച്ചേരുന്ന ദിവസം മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തണമെന്നാണ് പുതിയ വ്യവസ്ഥ. രോഗലക്ഷണങ്ങള്‍ കാണിക്കുകയോ പോസിറ്റീവാകുകയോ ചെയ്താല്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. ഉടന്‍ തന്നെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്നും നിയമമുണ്ട്.

ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് മാത്രം ആന്റിജന്‍ ടെസ്റ്റുകള്‍ സ്വയം നടത്താന്‍ അനുവദിച്ചിട്ടുണ്ട്. യുകെയ്ക്കും അയര്‍ലണ്ടിനും ഇടയിലുള്ള യാത്രകാരുടെ ബാഹുല്യം കണക്കിലെടുത്താണിതെന്നും ബ്രിട്ടന് മാത്രമേ ഇത് ബാധകമാകവെന്നും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

യാത്രയുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ സമീപനം കോമണ്‍ ട്രാവല്‍ ഏരിയയുടെ പ്രത്യേക സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസക്തമായ ഘടകങ്ങള്‍ കണക്കിലെടുത്താണ് പുതിയ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.