ടോക്യോ ഒളിമ്ബിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു; ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും

International

ടോക്യോ ഒളിമ്ബിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും മാര്‍ച്ച്‌ പാസ്റ്റിന് നേതൃത്വം വഹിച്ചു. നാല് മണിക്കൂര്‍ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമില്‍ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തില്‍ എത്തുന്ന മാര്‍ച്ച്‌ പാസ്റ്റില്‍ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ 28 പേര്‍ മാത്രമാണ് അണി നിരന്നത്.

വിശ്വകായിക മാമാങ്കത്തില്‍ 42 വേദികളിലായി 11,200 കായിക താരങ്ങള്‍ പങ്കെടുക്കും. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. 2016ല്‍ റിയോയില്‍ തുടക്കമിട്ട കാത്തിരിപ്പായിരുന്നു ഇതുവരെ. ആ കാത്തിരിപ്പിനെ കൊവിഡ് മഹാമാരി ഒരാണ്ട് കൂടി വൈകിപ്പിച്ചു. എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയില്‍ കൊടി ഉയര്‍ന്നു.

കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിമ്ബിക് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് പ്രവേശനം. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ സ്റ്റേഡിയത്തില്‍ ശൂന്യത നിഴലിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും പതിവ് ചടങ്ങുകള്‍ക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതാകും ഉദ്ഘാടനത്തിലെ കലാപരിപാടികള്‍.

കൊവിഡ് വ്യാപനത്തിനിടെയിലെ ഒളിമ്ബിക്‌സ് നടത്തിപ്പില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. അതിനിടെ, അമ്ബെയ്ത്ത് വനിതാ സിംഗിള്‍ യോഗ്യത മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരിയുടെ മത്സരം നടന്നു. ഒന്‍പതാമതായി അവര്‍ ഫിനിഷ് ചെയ്തു.

അതേസമയം ഒളിമ്ബിക്സ് ജേതാക്കള്‍ക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ രംഗത്തെത്തി. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപ വീതവും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 40 ലക്ഷം രൂപ വീതവും വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ഇത് കൂടാതെ ഒളിമ്ബിക്സില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ വീതവും നല്‍കും.