ഡോ. ടോണി ഹോളോഹന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു

Europe Headlines Health

ഡബ്ലിന്‍ : കോവിഡ് കാലമാകെ നീണ്ട നിസ്തുല സേവനത്തോട് വിടപറഞ്ഞ് ആരോഗ്യ വകുപ്പിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയൊഴിയുകയാണ് ഡോ. ടോണി ഹോളോഹന്‍. കോവിഡ് കാലമത്രയും നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിൻറെ ചെയര്‍പേഴ്‌സണായിരുന്നു ഡോ. ഹോളോഹന്‍.

ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പബ്ലിക് ഹെല്‍ത്ത് സ്ട്രാറ്റജി ആന്‍ഡ് ലീഡര്‍ഷിപ്പ് പ്രൊഫസറായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

1991ല്‍ ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 2008 ഡിസംബറിലാണ് ചീഫ് മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റത്. മുമ്പ് 2001ല്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായും ഡോ. ഹോളോഹന്‍ നിയമിതനായിരുന്നു.

പോര്‍ട്ട്‌ലോയിസിലെ മിഡ്‌ലാന്‍ഡ് റീജിയണല്‍ ഹോസ്പിറ്റലിലെ ശിശുമരണത്തെക്കുറിച്ചുള്ള അഴിമതി 2014 മാര്‍ച്ചില്‍ പുറത്തുവന്നപ്പോള്‍, അദ്ദേഹം നടത്തിയ അവലോകനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം, 2018ല്‍ സെര്‍വിക്കല്‍ ചെക്ക് വിവാദം കൈകാര്യം ചെയ്തതിൻറെ പേരില്‍ ഇദ്ദേഹം വിമര്‍ശനവും നേരിട്ടു.

രണ്ടു വര്‍ഷമായി കോവിഡ് പകര്‍ച്ചവ്യാധിയോടുള്ള അയര്‍ലണ്ടിൻറെ പ്രതികരണം പുറത്തുവന്നത് ഡോ. ഹോളോഹനിലൂടെയായിരുന്നു. എന്‍ഫെറ്റ് ചെയര്‍മാനെന്ന നിലയില്‍ പ്രതിവാര പ്രസ് ബ്രീഫിംഗുകളിലെ ഉറച്ച ശബ്ദമായിരുന്നു ഇദ്ദേഹത്തിന്റേത്.

കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന്, അടുത്തിടെ എന്‍ഫെറ്റ് പിരിച്ചുവിട്ടിരുന്നു. പകരം മോണിറ്ററിംഗ് ഗ്രൂപ്പിനെ നിയോഗിച്ചിരുന്നു. അതിൻറെ മേല്‍നോട്ടവും ഡോ. ഹോളോഹനായിരുന്നു. അതിനിടെയാണ് പുതിയ താവളത്തിലേയ്ക്കുള്ള അദ്ദേഹത്തിൻറെ ചുവടുമാറ്റം.

ആരോഗ്യ മേഖലയില്‍ നല്‍കിയ മികച്ച സേവനത്തിന് ഡോ. ഡോണി ഹോളോഹനെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അഭിനന്ദിച്ചു. എന്‍ഫെറ്റ് അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിൻറെ പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. അദ്ദേഹത്തിൻറെ പ്രൊഫഷണലിസവും ശാന്തപ്രകൃതവും വലിയ കരുത്താണ് കോവിഡ് നാളുകളില്‍ സര്‍ക്കാരിന് നല്‍കിയത്.

അദ്ദേഹത്തിൻറെ ഉറച്ച ഉപദേശങ്ങളും ആശയവിനിമയം നടത്താനുള്ള സന്നദ്ധതയും ശേഷിയും ഒട്ടേറെ ജീവനുകളെ രക്ഷിക്കാന്‍ സഹായിച്ചു. അസാധാരണ വെല്ലുവിളി നേരിട്ട രണ്ട് വര്‍ഷങ്ങളില്‍ അയര്‍ലണ്ടിനെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞു.

അയര്‍ലണ്ടിലെ ആരോഗ്യരംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ഡോ. ഹോളോഹന് കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.

സിന്‍ ഫെയ്‌നിൻറെ ആരോഗ്യ വക്താവ് ഡേവിഡ് കള്ളിനന്‍, ലേബര്‍ പാര്‍ട്ടി വക്താവ് ഡങ്കന്‍ സ്മിത്ത് എന്നിവരും സ്ഥാനമൊഴിയുന്ന സി എം ഒയുടെ സേവനത്തിന് സല്യൂട്ട് നല്‍കി.

ഡോ. ഹോളോഹൻറെ സാന്നിധ്യം ആവേശം നല്‍കുന്നതാകുമെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജ് പ്രൊവോസ്റ്റ് പ്രൊഫസര്‍ ലിന്‍ഡ ഡോയല്‍ പറഞ്ഞു.