ഗ്ലാസ്‌ഗോ : ഇന്ത്യയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം 2070 -ഓടെ സീറോയിലെത്തിക്കുമെന്ന കാലാവസ്ഥാ ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സൂപ്പര്‍ഹിറ്റായി. കാലാവസ്ഥാ വ്യതിയാന നടപടികളെ നേരിടാന്‍ വികസ്വര രാഷ്ട്രങ്ങളെ നല്ല നിലയില്‍ സാമ്പത്തികമായി സഹായിക്കണമെന്ന മോദിയുടെ ആവശ്യത്തിനും വലിയ സ്വീകാര്യത ലഭിച്ചു.
വികസ്വര രാഷ്ട്രങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഫണ്ട് നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ സമ്പന്ന രാജ്യങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതില്‍ ഒരു കൂട്ടം രാജ്യങ്ങള്‍ നിരാശ അറിയിച്ചിരുന്നു. ചെറുതും ദരിദ്രരുമായ രാജ്യങ്ങളാണ് ഈ ആവശ്യം അറിയിച്ചത്. അവര്‍ക്കെല്ലാം ആവേശം നല്‍കുന്ന പ്രഖ്യാപനവും ആവശ്യവുമാണ് മോദി ഉച്ചകോടിക്ക് മുമ്പാകെ ഉന്നയിച്ചത്.
ഈ പ്രഖ്യാപനത്തിലൂടെ യുഎസും ചൈനയും ഉള്‍പ്പെടെയുള്ള മുന്‍നിര എമിറ്ററുകള്‍ക്കിടയില്‍ വേറിട്ട നിലപാടുയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. കാരണം സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുതിയതൊന്നും ഉച്ചകോടിയില്‍ നല്കാൻ ഉണ്ടായിരുന്നില്ല. ചൈനയുടെ ഷി ജിന്‍പിംഗ് നേരിട്ട് പങ്കെടുത്തതുമില്ല. മാത്രമല്ല, കാര്‍ബണ്‍ ഉദ്ഗമനം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതികളൊന്നും വാഗ്ദാനം ചെയ്തുമില്ല.
ഇന്ത്യയുടെ ലക്ഷ്യം യു.എസ്, യു.കെ തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിലാണെങ്കിലും വിനാശകരമായ ആഗോളതാപനം ഒഴിവാക്കാന്‍ ശാസ്ത്രജ്ഞര്‍ പറയുന്ന കാര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതാണിത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് വലിയ കൈയ്യടിയാണ് ഉച്ചകോടിയിലും പുറത്തും ലഭിച്ചത്.