റഷ്യയുടെ മുന്നറിയിപ്പ് ഓയില്‍ നിരോധനവുമായി മുന്നോട്ട് പോയാല്‍ ജര്‍മ്മനിയിലേക്കുള്ള പ്രധാന വാതക പൈപ്പ് ലൈന്‍ അടയ്ക്കുമെന്ന്

Breaking News Business Europe Russia

മോസ്‌കോ : റഷ്യയ്ക്കെതിരെ ഓയില്‍ നിരോധനവുമായി പാശ്ചാത്യരാജ്യങ്ങള്‍ മുന്നോട്ട് പോയാല്‍ ജര്‍മ്മനിയിലേക്കുള്ള പ്രധാന വാതക പൈപ്പ് ലൈന്‍ അടയ്ക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ആഗോള വിപണിയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണ് റഷ്യയുടെ ഈ പ്രഖ്യാപനം. എണ്ണവില വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായേക്കും. ബാരലിന് 300 ഡോളറിലെത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉക്രൈയ്‌നും റഷ്യയും തമ്മിലുള്ള ബലേറസ് സമാധാന ചര്‍ച്ചകള്‍ മൂന്നാം റൗണ്ടിലും കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച റഷ്യ അഭിപ്രായ പ്രകടനമുണ്ടായത്.

റഷ്യയെ മെരുക്കുന്നതിനുള്ള മാര്‍ഗമായി സഖ്യകക്ഷികളുമായി ചേര്‍ന്ന് ഓയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള ആശയം യുഎസ് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ജര്‍മ്മനിയും നെതര്‍ലന്‍ഡും പദ്ധതി നിരാകരിച്ചു.

യൂറോപ്യന്‍ യൂണിയനിലേയ്ക്കുള്ള പാചകവാതകത്തിൻറെ 40%വും 30% എണ്ണയും റഷ്യയില്‍ നിന്നാണ് എത്തുന്നത്. റഷ്യ വിതരണം നിര്‍ത്തിയാല്‍ ബദല്‍ സംവിധാനം കണ്ടെത്തുക എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

യൂറോപ്യന്‍ വിപണിയില്‍ റഷ്യന്‍ എണ്ണയ്ക്ക് പകരം വയ്ക്കുന്നത് അത്ര പെട്ടെന്നു നടക്കുന്ന കാര്യമല്ലെന്ന് റഷ്യന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി അലക്സാണ്ടര്‍ നോവാക് പറഞ്ഞു. അതിന് വര്‍ഷങ്ങളെടുക്കും. യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് അത് കൂടുതല്‍ ചെലവേറിയതാകും. ഏറ്റവും മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈനായ നോര്‍ഡ് സ്ട്രീം 2 മരവിപ്പിക്കാന്‍ ജര്‍മ്മനി കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എണ്ണ ഉപരോധം തിരിച്ചടിയാകുമെന്ന് അദ്ദേഹം ജര്‍മ്മനിയെ ഓര്‍മ്മിപ്പിച്ചു.

യൂറോപ്പിലേക്ക് എണ്ണയും വാതകവും എത്തിക്കുന്നതിനുള്ള എല്ലാ കരാര്‍ ബാധ്യതകളും നിറവേറ്റിയിട്ടും റഷ്യന്‍ ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള യുഎസ്- യൂറോപ്യന്‍ നീക്കങ്ങള്‍ ശരിയല്ലെന്ന് നോവാക് പറഞ്ഞു. റഷ്യയുടെ പങ്കാളികള്‍, വ്യാപാരികള്‍, ഷിപ്പിംഗ് കമ്പനികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും ഡപ്യൂട്ടി പറഞ്ഞു.

അതേസമയം, റഷ്യയുടെ ഊര്‍ജവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതിന് കര്‍ക്കശ നടപടികളെടുക്കണമെന്ന് ഉക്രൈന്‍ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതിവാതക ഉല്‍പ്പാദകരും ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യവുമാണ് റഷ്യ. ഊര്‍ജ വ്യവസായത്തിന് അനുമതി നല്‍കാനുള്ള ഏതൊരു നീക്കവും സ്വന്തം സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. അത്തരമൊരു നിരോധനം പ്രഖ്യാപിക്കണമെന്നാണ് ഉക്രെയ്ന്‍ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അതുണ്ടാക്കുന്ന വിലക്കയറ്റം ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് രാജ്യങ്ങള്‍ കടുത്ത തീരുമാനങ്ങള്‍ക്ക് മടിക്കുകയാണ്.