തൃശ്ശൂർ : തൃശ്ശൂരിൽ നാല് പേർക്ക് കൂടി നോറോവൈറസ് സ്ഥിരീകരിച്ചു. സെൻറ് മേരീസ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 60 ആയി. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈൻ ആക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
തൃശ്ശൂരിലെ സെൻറ് മേരിസ് കോളജിലെ 56 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പടർന്നതായാണ് പ്രാഥമിക നിഗമനം.
വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് ബാധ ഗുരുതരമാകില്ല. എന്നാൽ, ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.