മഴ കനിഞ്ഞാൽ തൃശൂർ പൂരം വെടിക്കെട്ട് നാളെ

Breaking News Entertainment Kerala Special Feature

തൃശൂർ : കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് മൂന്നു തവണയാണ് വെടിക്കെട്ട് മാറ്റിവെച്ചത്.

ഈ മാസം 11 ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു തൃശൂർ പൂരത്തിൻ്റെ ഭാഗമായ മെയിൻ വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. തലേദിവസം പെയ്ത കനത്ത മഴയെ തുടർന്ന് വെടിക്കെട്ടിനായി തയ്യാറാക്കിയ കുഴികളിലടക്കം വെള്ളം കയറി. ഇതോടെ ഇതേദിവസം വൈകിട്ട് ഏഴുമണിയിലേക്ക് വെടിക്കെട്ട് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ തോരാതെ മഴ തുടർന്നതോടെ വെടിക്കെട്ട് വീണ്ടും മാറ്റുകയായിരുന്നു. 15 ന് വെടിക്കെട്ട് നടത്താൻ ആദ്യം നിശ്ചയിച്ചെങ്കിലും 14 ന് വൈകിട്ട് ആറരയ്ക്ക് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വങ്ങൾ എത്തി. ഈ ദിവസവും മഴ തിമിർത്തു പെയ്തതോടെ മറ്റു വഴികളില്ലാതെ വെടിക്കെട്ട് വീണ്ടും മാറ്റിവെക്കാൻ അധികൃത‍ർ തയ്യാറാകുകയായിരുന്നു.

കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും തൃശൂർ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കുശേഷം നടന്ന പൂരം കാണാൻ പതിനായിരങ്ങളാണ് പൂരനഗരയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ വില്ലനായി അവതരിച്ച മഴ പൂരപ്രേമികളെ നിരാശയിലാക്കി. കുടമാറ്റത്തിൻ്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. എന്നാൽ പൂരത്തിൻ്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുട‍ർന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.