തൃക്കാക്കര വോട്ടെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

Breaking News Election Kerala Politics

കൊച്ചി : ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ തൃക്കാക്കര ജനവിധി ഇന്ന്. രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണു പോളിങ്. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായി. 9 മണിവരെ 12.13% പോളിംഗ് രേഖപ്പെടുത്തി. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതുക.

പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. അദ്ദേഹത്തിൻറെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ജോ ജോസഫിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണനെയാണ് ബിജെപി രംഗത്തിറക്കിയത്.

ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജംക്ഷനിലെ ബൂത്ത് 50ലും ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.