ലണ്ടന്‍ : കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാകാനുള്ള പോരാട്ടത്തിൻറെ ചിത്രം തെളിയുന്നു. അടുത്ത ഭരണാധികാരിയാകാനുള്ള മല്‍സരത്തിൻറെ വോട്ടെടുപ്പ് രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ മുന്‍ ചാന്‍സലര്‍ കൂടിയായ ഋഷി സുനകാണ് ഏറ്റവും മുന്നില്‍. പാര്‍ട്ടിയിലെ 101 എംപിമാരുടെ പിന്തുണയാണ് സുനകിന് ലഭിച്ചത്.
ട്രേഡ് മന്ത്രി പെന്നി മൊര്‍ഡോണ്ട് 83 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മുന്‍ ബ്രക്‌സിറ്റ് നെഗോഷ്യേറ്റര്‍ ഡേവിഡ് ഫ്രോസ്റ്റിൻറെ യും ബ്രെവര്‍മാനിൻറെയും പിന്തുണയുണ്ടായിരുന്ന യു കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 64 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. കെമി ബാഡെനോക്കിന് 49, ടോം തുഗെന്ധിന് 32 എന്നിങ്ങനെയും വോട്ടുകള്‍ ലഭിച്ചു.
ഏറ്റവും കുറച്ച് (27) വോട്ടുകള്‍ നേടിയ അറ്റോര്‍ണി ജനറല്‍ സുല്ല ബ്രാവര്‍മാന്‍ പുറത്തായി. പുതിയതായി ചാന്‍സലര്‍ പദവിയിലെത്തിയ നാദിം സഹാവിയും ജെറമി ഹണ്ടും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. പുറത്തായെങ്കിലും തൻറെ പിന്തുണയാര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ സുല്ല ബ്രാവര്‍മാന്‍ തയ്യാറായിട്ടില്ല. അനധികൃത കുടിയേറ്റം തടയുന്ന, ബ്രക്‌സിറ്റിനെ അവസരമാക്കുകയും ചെയ്യുന്ന ആള്‍ക്കായിരിക്കും തന്റെ പിന്തുണയെന്ന് ഇവര്‍ സൂചിപ്പിച്ചു. മെറ്റേണിറ്റി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോര്‍ഡോണ്ടുമായി അഭിപ്രായ ഭിന്നതയുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
രണ്ട് മത്സരാര്‍ഥികളിലെത്തുന്നത് വരെ ഓരോ റൗണ്ടിലും ഏറ്റവും കുറഞ്ഞ വോട്ടുകള്‍ ലഭിക്കുന്നവര്‍ പുറത്താകുന്നത് തുടരും.