ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിൻറെ വമ്പന്‍ വിജയത്തോടെ 1-0 ന് പരമ്പര സ്വന്തമാക്കി ഇന്ത്യ. വിരാട് കോഹ്ലിയും സംഘവും മുന്നോട്ടുവെച്ച 540 റണ്‍സിൻറെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 167 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
രണ്ട് ഇന്നിങ്സിലുമായി 212 റണ്‍സുകള്‍ വാരിക്കൂട്ടിയ മായങ്ക് അഗര്‍വാളാണ് പ്ലയെര്‍ ഓഫ് ദി മാച്ച്. അതേസമയം, രണ്ട് മത്സരങ്ങളിലും കിവീസ് ബാറ്റേഴ്‌സിനെ കറക്കി വീഴ്ത്തിയ രവി അശ്വിനാണ് പ്ലയെര്‍ ഓഫ് ദി സീരീസ്.
നിലവിലെ ടെസ്റ്റ് ലോക ചാമ്പ്യന്മാരാ ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 119 പോയിന്റുണ്ടായിരുന്ന ഇന്ത്യ അഞ്ചു പോയിന്റ് നേടി 124 പോയിന്റോടെ ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരായി. നേരത്തേ 121 പോയിന്റുണ്ടായിരുന്ന ന്യുസിലാന്‍ഡ് അഞ്ചു പോയിന്റുകള്‍ നഷ്ടമായി രണ്ടാം സ്ഥാനത്തേക്കു വീണു. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ശ്രീലങ്കയാണ് ഒന്നാമതുള്ളത്, പാകിസ്ഥാന്‍ രണ്ടാമതും.