ഡബ്ലിന്‍ : അയര്‍ലണ്ടിൻറെ പ്രഥമ പൗരനും സഹധര്‍മ്മിണിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റിലൂടെയാണ് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിനും ഭാര്യ സബീനയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഡബ്ലിനിലെ ബാലിമുണിലെ ഒരു സ്‌കൂളില്‍ പ്രസിഡന്റിന് ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതിന് മുന്നോടിയായാണ് പരിശോധന നടത്തിയത്.
ഇരുവര്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്നും അടുത്ത ഏഴ് ദിവസത്തേക്ക് ഐസൊലേഷനിലാണെന്നും വക്താവ് പറഞ്ഞു. 80 വയസ്സുകാരനായ പ്രസിഡന്റ് ഹിഗ്ഗിന്‍സ് അദ്ദേഹത്തിൻറെ ഓഫീസില്‍ തന്നെയാണ് തുടരുന്നത്. 2011 -ലാണ് ഹിഗ്ഗിന്‍സ് ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2018ല്‍ രണ്ടാമതും ഏഴു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.