ടെക്സാസിലെ സ്‌കൂളില്‍ വെടിവെയ്പ്പ്

Breaking News Crime USA

ടെക്‌സാസ്: അമേരിക്കയിലെ ഒരു എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 21 മരണം. കൗമാരക്കാരനായ തോക്കുധാരി 19 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും കൊലപ്പെടുത്തി. നിരവധി പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ടെക്സാസിലെ ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിലാണ് ആക്രമണം നടന്നത്.

സാന്‍ അന്റോണിയോ സ്വദേശിയായ 18കാരന്‍ സാല്‍വദോര്‍ റമോസാണ് ആക്രമണത്തിന് പിന്നില്‍. തൻറെ മുത്തശ്ശിയെ വെടിവെച്ചിട്ട ശേഷം റോബ് എലിമെന്ററി സ്‌കൂളിലേക്ക് കടക്കുകയും പിഞ്ചു കുട്ടികള്‍ക്കു നേരെ നിറയൊഴിക്കുകയുമായിരുന്നുവെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളെ പൊലീസ് വെടിവെച്ചു കൊന്നതായും ഗവര്‍ണര്‍ പറഞ്ഞു.

ഏഴ് വയസിനും പത്ത് വയസിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പതിനഞ്ച് കുട്ടികള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരു അധ്യാപികയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ നടുക്കം രേഖപ്പെടുത്തി. അക്രമങ്ങളില്‍ മനംമടുത്തെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇരകളുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ പതാകകള്‍ പകുതി താഴ്ത്തി ഉയര്‍ത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു.