കാബൂൾ : അഫ്ഗാനിസ്ഥാനില്‍ വനിതകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്‍. വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ട് താലിബാന്‍ ഭരണകൂടം.
രാജ്യത്തെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരവ് താലിബാൻറെ അവസാന വാക്കാണെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നുമാണ് വാര്‍ത്ത പുറത്തുവിട്ട അഫ്ഗാനിലെ പ്രശസ്ത മാദ്ധ്യമ സ്ഥാപനമായ ടൊളോ ന്യൂസ് വ്യക്തമാക്കുന്നത്.
പുതിയ താരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ നിരവധി വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ അവരുടെ മുഖം മറച്ച് പരിപാടി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അഫ്ഗാൻറെ നിയന്ത്രണം ഏറ്റെടുത്ത ശേഷം സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിരവധി നടപടികള്‍ അവര്‍ സ്വീകരിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി തന്നെയാണ് ഈ തീരുമാനവും. വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അനുമതി ഉള്‍പ്പടെ താലിബാന്‍ നിഷേധിച്ചിരുന്നു. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ അവരുടെ കണ്ണുകള്‍ മാത്രമേ പുറത്തുകാണിക്കാന്‍ പാടുള്ളു എന്ന് ഈ മാസം ആദ്യം താലിബാന്‍ ഉത്തരവിട്ടിരുന്നു.