അയര്‍ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Entertainment India Ireland Sports

മുംബൈ : അയര്‍ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങി നിന്ന രാഹുല്‍ ത്രിപാഠിയും ഇടം കണ്ടെത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചു. പരിക്കുകാരണം വീട്ടുനിന്ന സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തി. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പോകുന്നതിനാല്‍ ഏറെയും യുവ താരങ്ങളാണ് ടീമില്‍ ഇടം പിടിച്ചത്.

ജൂണ്‍ 26, ജൂണ്‍ 28 തീയതികളില്‍ ഡബ്ലിനിലെ മാലഹൈഡിലാണ് അയര്‍ലണ്ട്-ഇന്ത്യ ടി20 മത്സരങ്ങള്‍ നടക്കുക. പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും ടീമിനെ നയിക്കുക എന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഐപിഎല്ലില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചതിനൊപ്പം വ്യക്തിപരമായും ഹാര്‍ദിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ടു വിക്കറ്റുമാണ് ഹാര്‍ദിക് നേടിയത്.

അതേസമയം, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച താരമാണ് മലയാളികളുടെ പ്രീയപ്പെട്ട സഞ്ജു സാംസണ്‍. സീസണില്‍ 17 മത്സരങ്ങളില്‍ സഞ്ജു 458 റണ്‍സടിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നീല കുപ്പായം അണിയാനുള്ള ഭാഗ്യം ലഭിച്ച രാഹുല്‍ ത്രിപാഠിയാകട്ടെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 37.55 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 413 റണ്‍സ് നേടി.

ഇന്ത്യന്‍ ടീമിൻറെ പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണാകും അയര്‍ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീമിൻറെ പരിശീലകന്‍. നാഷണല്‍ ക്രിക്കറ്റ് അക്കാദമി പരിശീലകരായ സിതാന്‍ഷു കൊട്ടക്, സായിരാജ് ബഹുതുലെ, മുനിഷ് ബാലി എന്നിവരാണ് സപ്പോര്‍ട്ട് സ്റ്റാഫ്. നേരത്തെ ഇന്ത്യ എ ടീമിൻറെ ഭാഗമായിരുന്ന സിതാന്‍ഷു കൊട്ടക് ആണ് ബാറ്റിംഗ് കോച്ച്. ഈ വര്‍ഷമാദ്യം കരീബിയനില്‍ വിജയം കൊയ്ത അണ്ടര്‍-19 ലോകകപ്പ് വിജയ ശില്‍പ്പികളായ ബാലിക്കും ബഹുതുലെയ്ക്കുമാണ് ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലനത്തിൻറെ ചുമതലകള്‍.

അയര്‍ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (C), ഭുവനേശ്വര്‍ കുമാര്‍ (VC), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (WK), യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആര്‍ ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.