കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ ഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് സ്വപനയ്ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട്.
കസ്റ്റംസിന് സ്വപ്ന നല്കിയ മൊഴിയുടെ പകര്‍പ്പിനായി ഇ ഡി കോടതിയെ സമീപിച്ചിരുന്നു. സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുള്ളത്. ഇ ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്കിയ 164 സ്റ്റേറ്റ്മെന്റില്‍ ഉണ്ടെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തല്‍ ഒറ്റത്തവണകൊണ്ട് പൂര്‍ത്തിയാക്കാനല്ല ഇ.ഡി. ലക്ഷ്യമിടുന്നത്. രഹസ്യമൊഴിയിലെ പല ആരോപണങ്ങള്‍ക്കും കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ട്. ഓരോ ആരോപണത്തിലും കൃത്യമായ നിയമോപദേശം തേടിയശേഷമാവും ഇ.ഡിയുടെ നടപടികള്‍.