ന്യൂഡൽഹി : യുദ്ധത്തെ തുടർന്ന് ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് മെഡിക്കൽ സീറ്റ് അനുവദിച്ച പശ്ചിമബംഗാൾ സർക്കാരിൻറെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രത്തിൻറെ ഉത്തരവ്. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാൻ കഴിയില്ല. രാജ്യത്തെ മെഡിക്കൽ കൗൺസിൽ ചട്ടം അതിന് അനുവദിക്കുന്നില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാൾ സർക്കാർ ചട്ടവിരുദ്ധമായാണ് മെഡിക്കൽ പ്രവേശനം നൽകിയത്. ബംഗാളിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാനുള്ള ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.
യുദ്ധത്തെ തുടർന്ന് മലയാളികൾ ആയിരകണക്കിന് വിദ്യാർത്ഥികൾ പഠനം പകുതി വഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിൽ മടങ്ങിയെത്തി. ഇവരിൽ കൂടുതലും മെഡിക്കൽ ദന്തൽ വിദ്യാർത്ഥികളാണ്. ഇവരുടെ തുടർ പഠനത്തിനായി കേന്ദ്രം ഇടപെടണമെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.